ഇരിട്ടി : കാട്ടാനഭീഷണിക്കുപിന്നാലെ ആറളം ഫാമിൽ കാട്ടുപന്നിയുടെ ശല്യവും വർധിച്ചു. ഫാം ഒന്നാം ബ്ലോക്കിലെ തൊഴിലാളി മല്ലികയ്ക്കാണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബ്ലോക്ക് അഞ്ചിൽ കാട്‌ വെട്ടുന്നതിനിടയിലാണ് പന്നിയുടെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു.

പരിക്കേറ്റ മല്ലികയെ ഫാം ആസ്പത്രിയിൽ പ്രഥമചികിത്സ നല്കിയശേഷം പേരാവൂർ താലൂക്ക് ആസ്പത്രിയിലെത്തിച്ചു. അവിടെനിന്ന് തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി.

ജോലിചെയ്യാൻ ഭയന്ന് തൊഴിലാളികൾ

കഴിഞ്ഞ ആറുമാസത്തിനിടയിൽ നാലുപേരാണ് മേഖലയിൽ പന്നിയുടെ ആക്രമണത്തിനിരയായത്. പന്നിശല്യം വർധിച്ചതോടെ ഫാമിന്റെ ഉൾപ്രദേശങ്ങളിൽ നാണ്യവിളകൾ ശേഖരിക്കുന്നതിനും കാടുവെട്ടുന്നത് ഉൾപ്പെടെയുള്ള തൊഴിലുകൾക്കും തൊഴിലാളികൾ മടി കാണിക്കുകയാണ്. രണ്ടുമാസം മുൻപാണ് ഫാമിലെ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നത്. ഇതുമൂലം ഭീതിയോടെയാണ് തൊഴിലാളികൾ ഫാമിലെത്തുന്നത്.

ഫാം സെക്യൂരിറ്റി ജീവനക്കാർ സുരക്ഷയൊരുക്കിയാണ് ഇപ്പോൾ അത്യാവശ്യ പ്രവൃത്തികൾപോലും പൂർത്തിയാക്കുന്നത്. പുനരധിവാസ മേഖലയിലും പന്നിശല്യം മൂലം കാർഷികവിളകൾ വ്യാപകമായി നശിക്കുന്നുണ്ട്.