ഇരിട്ടി : ആറളം ഫാമിനെയും കേളകം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വളയംചാൽ കോൺക്രീറ്റ് പാലത്തിന്റെ നിർമാണപ്രതിസന്ധി പരിഹരിക്കാൻ നടപടി തുടങ്ങി.

പാലം നിർമാണം പാതിവഴിയിൽ നിർത്തിയിട്ട് മാസങ്ങളായി. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാലത്തിന്റെ തൂണുകളുടെ നിർമാണത്തിന് വ്യക്തിയിൽനിന്ന്‌ ഭൂമി ഏറ്റെടുത്ത് നൽകാത്തതാണ് നിർമാണത്തെ പ്രതിസന്ധിയിലാക്കിയത്. തൂണിന്റെ നിർമാണത്തിനാണ് അധിക ഭൂമി ഏറ്റെടുത്ത് കൈമാറേണ്ടത്. ഇതിനായി താലൂക്ക് സർവേവിഭാഗം 20 സെന്റ് ഭൂമി അളന്നുതിരിച്ച് കൈമാറിയെങ്കിലും ഉടമയുമായി സംസാരിച്ച് വിലയുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

പാലത്തിന്റെ പുഴയിലെ തൂണിന്റെയും ആറളം വളയംചാൽ ഭാഗത്തുള്ള തൂണിന്റെയും നിർമാണം പൂർത്തിയായിട്ട് ആറുമാസത്തിലധികമായി. സ്ഥലം ഉടമയുമായി ധാരണയുണ്ടാക്കി കരാർകമ്പനിക്ക് ഏറ്റെടുത്ത ഭൂമി കൈമാറിയാൽ മാത്രമേ പ്രവൃത്തി പുനരാരംഭിക്കാൻ കഴിയൂ. ഇതിനായി പരിസ്ഥിതി ആഘാതപഠനത്തിന് ജില്ലാ ഭരണകൂടം കെയ്‌റോസിനെ ചുമതലപ്പെടുത്തി. കെയ്‌റോസ് പ്രോജക്ട്‌ ഓഫീസർ ചന്ദ്രൻ, ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ പി.പി. ഗിരീഷ്, ആറളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. അപ്രോച്ച് റോഡിനും ഇതോടൊപ്പം സ്ഥലം ഏറ്റെടുക്കും.