ഇരിട്ടി : രണ്ട് പ്രളയം അതിജീവിച്ച നാട്ടിൽ ദുരന്തമുഖത്തെ അനുഭവപാഠത്തിൽനിന്ന്‌ രൂപംകൊണ്ട വള്ളിത്തോട്‌ ഒരുമ റെസ്‌ക്യൂ ടീം നാടിന്റെ രക്ഷയ്ക്കായി സജ്ജമായി. കഴിഞ്ഞ പ്രളയത്തിൽ നാടാകെ വെള്ളത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയവരും പ്രളയാനന്തരസഹായവുമായി ഓടിനടന്നവരും ചേർന്ന് രൂപം കൊടുത്ത സംഘടനയാണ് ഒരുമ റെസ്‌ക്യൂ ടീം.

ഏഴ് പ്രവാസികളും വള്ളിത്തോട്ടെ സന്നദ്ധപ്രവർത്തകരായ ഏഴുപേരുടെയും വാട്‌സ്‌ആപ്പ് കൂട്ടായ്മയിൽ രൂപംകൊണ്ട ആശയം 50 പേരടങ്ങിയ കൂട്ടായ്മയായി വളർന്നുകഴിഞ്ഞു. ദുരന്തമേഖലകളിൽ പ്രവർത്തിക്കാൻ ഇവർക്ക് മൂന്നുദിവസത്തെ പരിശീലനവും ലഭ്യമാക്കി. മോട്ടോർവാഹന വകുപ്പ്, അഗ്നിരക്ഷാസേന, ആരോഗ്യപ്രവർത്തകർ എന്നിവരിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് പ്രവർത്തകർ കർമരംഗത്തേക്ക് ഇറങ്ങുന്നത്.

കഴിഞ്ഞ പ്രളയത്തിൽ വള്ളിത്തോട് മേഖലയിൽ വെള്ളത്തിൽ മുങ്ങിയ വീടുകൾ വെള്ളം ഇറങ്ങിയശേഷം വൃത്തിയാക്കാൻ ആളെകിട്ടാതെ സന്നദ്ധപ്രവർത്തകരും വീട്ടുകാരും പ്രയാസപ്പെട്ടപ്പോൾ ഉണ്ടായ ജീവിത യാഥാർഥ്യമാണ് ഇങ്ങനെ ഒരു സംഘടനയുടെ പിറവിക്ക് കാരണമായത്.

രണ്ടുലക്ഷം രൂപയുടെ രക്ഷാഉപകരണങ്ങൾ സ്വന്തമായുള്ള കൂട്ടായ്മ ഏത് പ്രദേശത്തും എന്ത് പ്രവർത്തനത്തിനും സന്നദ്ധമാണെന്ന് ഭാരവാഹികൾ പറഞ്ഞു. പായം പഞ്ചായത്ത് പ്രസിഡന്റ്‌ എൻ. അശോകന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ. ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടിക്ക് യുണിഫോം കൈമാറി.