ഇരിട്ടി : ഓയിസ്‌ക അന്താരാഷ്ട്രതലത്തിൽ നടത്തുന്ന ടോപ്പ് ടീൻ പരീക്ഷയിലെ ഉന്നതവിജയത്തിലൂടെ ജപ്പാനിൽ ഹയർ സെക്കൻഡറി പഠനം നടത്താൻ അവസരം ലഭിച്ച വിഷ്ണുപ്രിയ പ്രകാശ് മുഴുവൻ മാർക്കും നേടി വിജയം ആവർത്തിച്ചു. ജപ്പാനിൽ ഹയർ സെക്കൻഡറി പഠനത്തിന് തുല്യമായ കോകോ പരീക്ഷയിലാണ് 100 ശതമാനം മാർക്കോടെ നാടിന്റെ അഭിമാനമായത്.

ജപ്പാനിലെ ഹമ്മറ്റ്‌സിലുള്ള ഓയിസ്‌ക അക്കാദമിയിലായിരുന്നു പഠനം. ഫിസിക്‌സ്, കണക്ക്, കെമിസ്ട്രി എന്നീ വിഷയങ്ങളും ജാപ്പനീസ് ഭാഷയും പഠിച്ചാണ് വിഷ്ണുപ്രിയ ജപ്പാനിലെ കുട്ടികളെ പോലും അദ്‌ഭുതപ്പെടുത്തിയ നേട്ടം കൊയ്തത്.

2018-ൽ വിഷ്ണുപ്രിയയ്ക്കും ഡൽഹിയിലെ ഒരു പെൺകുട്ടിക്കുമാണ് അവസരം ലഭിച്ചത്.

കൊറോണ ഭീഷണിയുള്ളതിനാൽ ജപ്പാനിൽ ആഘോഷപൂർവം നടക്കേണ്ട ഗ്രാജുവേഷൻ ചടങ്ങ് നടക്കാത്തതിലും ഇതിൽ പ്രസംഗിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിലുമാണ് വിഷ്ണുപ്രിയയുടെ ദുഃഖം. ഇനി ഡൽഹി സർവകലാശാലയിൽ കംപ്യൂട്ടർ സയൻസിൽ ബിരുദപഠനം നടത്തണമെന്നാണ് ആഗ്രഹം. പായം ഏച്ചിലത്തെ ടി. പ്രകാശന്റെയും ബീനയുടെയും മകളാണ്. വിഷ്ണുദേവ് സഹോദരനാണ്.

എടൂർ സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 10-ാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജപ്പാനിൽ ഹയർ സെക്കൻഡറി പഠനത്തിന് അവസരം ലഭിച്ചത്. 1985 മുതൽ ഇതുവരെ ഇന്ത്യയിൽനിന്ന് ഓയിസ്‌ക മുഖേന 39 കുട്ടികളെ ജപ്പാനിലേക്ക് അയച്ചതിൽ ഏറ്റവും അഭിമാനകരമായ വിജയം നേടിയത് വിഷ്ണുപ്രിയയാണെന്ന് ഓയിസ്‌ക ഇന്റർനാഷണൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജയ്‌സൺ ബേസിൽ പറഞ്ഞു.