ഇരിട്ടി : കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇരിട്ടിയിൽ പോലീസ് പരിശോധന ശക്തമാക്കി. നഗരസഭാതല സുരക്ഷാ കമ്മിറ്റിയെടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം. കോവിഡ് സമൂഹവ്യാപനം സാധ്യമായിരിക്കെ അനാവശ്യമായി ടൗണിൽ എത്തി ചുറ്റിക്കറങ്ങുന്നവരെയും വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്നവരെയും കണ്ടെത്തുന്നതിനാണ് പരിശോധന ശക്തമാക്കിയത്.

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തി സ്റ്റിക്കർ പതിക്കാൻ തുടങ്ങി. കോവിഡ്മാനദണ്ഡങ്ങൾ പാലിക്കാതെ ടൗണിൽ ഇറങ്ങിയർക്കെതിരേയും നടപടിയെടുത്തു. നഗരത്തിലെ ബസ് ബേയിൽ പാർക്ക് ചെയ്ത വാഹനങ്ങളുടെ മുകളിൽ പോലീസ് നോ പാർക്കിങ്‌ സ്റ്റിക്കർ ഒട്ടിച്ചു.

വാഹന ഉടമകൾക്ക് പിഴചുമത്തി. കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച് ടൗണിൽ കച്ചവടം നടത്തിയ വ്യാപാരസ്ഥാപന ഉടമകൾക്കെതിരേയും പോലീസ് കേസെടുത്തു.

കൂടുതൽ പോലീസുകാരെ നിയോഗിച്ചു

മാസ്ക് ധരിക്കാതെ ടൗണിൽ എത്തിയവർക്കെതിരേയും നിശ്ചിത സമയത്തിന് ശേഷം കടകൾ തുറന്ന് പ്രവർത്തിച്ച സ്ഥാപന ഉടമകൾക്ക് എതിരേയും കേസെടുത്തു. പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ടൗണിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചു.

നഗരത്തിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്കും രൂപപ്പെട്ടുതുടങ്ങി. സ്വകാര്യ ബസ്സുകൾ കുറവായതിനാൽ ബസ് സ്റ്റാൻഡിൽപോലും സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. നഗരസഭാ സുരക്ഷാസമിതി പുതുതായി ഏർപ്പെടുത്തിയ പാർക്കിങ്ങ് കേന്ദ്രങ്ങൾ നോക്കുത്തിയായി. ‌

ചികിത്സാകേന്ദ്രത്തിന് സാധനങ്ങൾ നൽകി

എടയന്നൂർ : കീഴല്ലൂർ പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രഖ്യാപിച്ച എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മുസ്‌ലിം ലീഗ് എടയന്നൂർ ശാഖ 50 പേർക്കുള്ള സാധന സാമഗ്രികൾ നൽകി.

കീഴല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.രാജൻ, സെക്രട്ടറി അനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി. ലീഗ് എടയന്നൂർ ശാഖാ ഭാരവാഹികളായ പി.കെ.ഹാഷിം, ടി.പി.മുഹമ്മദ്, വി.കെ.സിറാജ്, കെ. ഷബീർ, കെ.പി.റഫീഖ്, പി.പി.മുസ്തഫ, സി.സലീം, എം.അശ്റഫ്, വി.കെ. മുഹമ്മദ് എന്നിവർ പങ്കെടുത്തു.