ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ പ്രീമെട്രിക്‌ ഹോസ്റ്റൽ നിർമാണം പാതിവഴിയിൽ നിൽക്കെ പട്ടികവർഗ വികസന വകുപ്പിന്റെ കൺസൾട്ടൻസി ഏജൻസിയായ കൺസ്ട്രക്ഷൻ കോർപ്പറേഷനെതിരെ നിർമാണക്കമ്പനി നിയമനടപടിക്ക് ഒരുങ്ങുന്നു.

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതി അഞ്ചുവർഷമായിട്ടും പൂർത്തിയാകാതെ നില്ക്കെയാണ് കരാർ കമ്പനിയും കൺസൾട്ടൻസി ഏജൻസിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നത്.

പ്രവൃത്തിയുടെ 90 ശതമാനം പൂർത്തിയായെങ്കിലും നിർമാണം ഏറ്റെടുത്ത എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്കാനുള്ള 1.42 കോടി നൽകാഞ്ഞതാണ് നിയമനടപടിയിലേക്ക് നിങ്ങാൻ കാരണം. 6.85 കോടിക്കാണ് കമ്പനി കൺസ്‌ട്രക്‌ഷൻ കോർപ്പറേഷനിൽനിന്ന്‌ നിർമാണം ഏറ്റെടുത്തത്.

രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കേണ്ട പ്രവൃത്തി നീണ്ടുപോവുകയായിരുന്നു.

പൂർത്തീകരിച്ച പ്രവൃത്തിയുടെ പണത്തിനായി എസ്.ടി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരുവർഷംമുമ്പ് കത്ത് നല്കിയിരുന്നു. പണം ലഭിക്കാഞ്ഞതിനാൽ ആറുമാസമായി നിർമാണം നിർത്തിവെച്ചിരിക്കുകയാണ്.

പൂർണമായും കേന്ദ്രാവിഷ്കൃത പദ്ധതിയായ ഹോസ്റ്റൽ നിർമാണത്തിന് അനുവദിച്ച പണം വക മാറ്റിയതാണ് ഇപ്പോൾ പ്രതിസന്ധിയായിരിക്കുന്നത്. 2015-ലാണ് പദ്ധതിക്ക് പണം അനുവദിക്കുന്നത്.

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ 100 പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിനാണ് പദ്ധതിക്ക് അനുമതി നൽകിയത്. വിവിധ സമയങ്ങളിലായി കരാർ കമ്പനിയിൽനിന്ന്‌ പിടിച്ചുവെച്ച പണം അനുവദിച്ചാൽത്തന്നെ നിർമാണം പൂർത്തിയാക്കാമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.