ഇരിട്ടി : കോവിഡ് സമൂഹവ്യാപനം പ്രതിരോധിക്കുന്നതിനായി മലയോരത്ത് പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയന്ത്രണം കർശനമാക്കി. വ്യാപാരസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ആളുകൾ കൂട്ടംകൂടി നില്ക്കുന്നത് കണ്ടെത്താൻ പോലീസ് പരിശോധന ശക്തമാക്കി. മാസ്ക്‌ ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതരിരേയും നടപടി ശക്തമാക്കി.

നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിന്നതിന് ഇരിട്ടിയിലെ ഒരു മൊത്തവ്യാപാര സ്ഥാപന ഉടമയ്ക്കെതിരെ പോലീസ് നടപടിയെടുത്തു. അയ്യൻകുന്നിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും വൈകീട്ട് ആറുമണിവരെ മാത്രമേ തുറക്കാൻ അനുവദിക്കൂ.

പഞ്ചായത്തിലെ ബാരാപോൾ പദ്ധതി പ്രദേശം, പാറക്കാമല, രണ്ടാംകടവ് മല, എടപ്പുഴ മല, ഉരുപ്പുംകുറ്റി മല എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കുള്ള സന്ദർശനം നിരോധിച്ചു.

പായത്ത് വഴിയോര കച്ചവടം പൂർണമായും നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് ആറുമണിവരെയും ഹോട്ടലുകൾ ഏഴുമണിവരേയും മാത്രമേ തുറക്കാൻ അനുവദിക്കു. ഇരിട്ടി നഗരസഭാ പ്രദേശത്തും മുഴക്കുന്നിലും ആറളത്തും നിയന്ത്രണങ്ങൾ കർശനമാക്കി.

മേഖലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയ തില്ലങ്കേരിയിലും നിയന്ത്രണങ്ങൾ ശക്തമായി തുടരുകയാണ്. എല്ലായിടങ്ങളിലും ആരോഗ്യകേന്ദ്രങ്ങളോട് അനുബന്ധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള നടപടികളും ഊർജിതമാക്കി.