ഇരിട്ടി : ആറളം ഫാം ആദിവാസി പുരധിവാസ മേഖലയിൽ ആരംഭിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിന്റെ നിർമാണം അഞ്ചുവർഷമായിട്ടും പൂർത്തിയാക്കാനായില്ല. നിർമാണ കാലവധി രണ്ടുവർഷമായി നിജപ്പെടുത്തിത്തുടങ്ങിയ ഹോസ്റ്റലിന്റെ പ്രവൃത്തിയാണ് അഞ്ചുവർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാതെ പോയത്.

100 പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കുന്നതിന് ഏഴരക്കോടിയോളം രൂപ ചെലവിഴിച്ചാണ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഹോസ്റ്റൽ നിർമാണത്തിന് അനുമതി ലഭിച്ചത്.

പുനരധിവാസ കാലഘട്ടത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി മാറ്റിവെച്ച രണ്ട് ഏക്കറോളം ഭൂമി ഇതിനായി വിട്ടുനൽകി. പുരധിവാസ മേഖലയിൽ ഏഴാം ബ്ലോക്കിലാണ് ഹോസ്റ്റലിന് സ്ഥലം അനുവദിച്ചത്.

രണ്ടുവർഷം മുൻപ്‌ പൂർത്തിയാക്കേണ്ട പ്രവൃത്തി എസ്റ്റിമേറ്റ് പുതുക്കിനിശ്ചയിച്ചും മറ്റും നീണ്ടുപോയി.

പുതുക്കിയ എസ്റ്റിമേറ്റിന് പട്ടിക വർഗ വികസന വകുപ്പിൽനിന്ന്‌ അനുമതി ലഭിക്കാൻ വൈകിയതും നിർമാണത്തെ ബാധിച്ചു. ഈ അധ്യയനവർഷം ഹോസ്റ്റലിൽ പ്രവേശനം നൽകാൻ കഴിയുമെന്നായിരുന്നു ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്.

കൺസ്‌ട്രക്‌ഷൻ കോർപ്പറേഷൻ ഏറ്റെടുത്ത പ്രവൃത്തി എറണാകുളത്തെ സ്വകാര്യവ്യക്തിക്ക് സബ്‌ കോൺട്രാക്ട്‌ നൽകുകയായിരുന്നു.

ആറളം പഞ്ചായത്ത് പ്രാഥമിക ചികിത്സാസൗകര്യം ഒരുക്കാൻ ഹോസ്റ്റൽ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചെങ്കിലും വൈദ്യുതീകരണംപോലും പൂർത്തിയാകാഞ്ഞതിനാൽ ശ്രമം ഉപേക്ഷിച്ചു.

ലോക്ക്‌ഡൗൺ നീണ്ടുപോയതിനാൽ

ലോക്ക്‌ഡൗൺ നീണ്ടുപോയതാണ് പൂർത്തീകരണത്തിന് കാലതാമസം ഉണ്ടാക്കിയതെന്ന് കൺസ്‌ട്രക്‌ഷൻ കോർപ്പറേഷൻ എൻജിനീയർ സുനിൽകുമാർ പറഞ്ഞു. വൈദ്യുതീകരണവും ലിഫ്റ്റിന്റെ നിർമാണവുമാണ് പ്രധാനമായും അവശേഷിക്കുന്നത്. പദ്ധതിക്ക് അഞ്ചുവർഷം മുൻപ്‌ അനുമതി ലഭിച്ചെങ്കിലും മൂന്നുവർഷം മുൻപാണ് നിർമാണം തുടങ്ങിയത്. കാലാവസ്ഥ മാറിയാൽ ഗേറ്റ് ഉൾപ്പെടെ ഉടൻപൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.വേലായുധൻ, ടി.ആർ.ടി.എം. സൈറ്റ് മാനേജർ പി.പി.ഗിരീഷ് എന്നിവർ ഹോസ്റ്റലിന്റെ നിർമാണ പുരോഗതി വിലയിരുത്തി. നിർമാണം ഉടൻ പൂർത്തീകരിച്ച് കുട്ടികളെ പ്രവേശിപ്പിക്കാനുള്ള നടപടിയുണ്ടാക്കണമെന്ന് വാർഡ് അംഗംകൂടിയായ കെ.വേലായുധൻ ആവശ്യപ്പെട്ടു.