ഇരിട്ടി : ഇരിട്ടി മേഖലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച എട്ടുപേരിൽ ഏഴുപേരും വിവിധ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന്‌ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞവർ. അയ്യൻകുന്നിൽ ഒരു കുടംബത്തിലെ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് രോഗലക്ഷണം ഉള്ളതായ സംശയത്തെ തുടർന്ന് നേരിട്ട് അഞ്ചരക്കണ്ടി കോവിഡ് ആസ്പത്രിയിൽ ചികിത്സയ്ക്ക്‌ എത്തുകയായിരുന്നു.

അതുകൊണ്ട് ഇവിടെ പ്രത്യേക നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന് ബന്ധപ്പെട്ടവർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

തില്ലങ്കേരി പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചത് സൈനികനാണ്. ആലയാട് സ്വദേശിയായ 47 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. സൈനികനായ ഇദ്ദേഹം മുംബൈയിൽനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നേരത്തെയും പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഒരു സൈനികന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇതുവരെ തില്ലങ്കേരി പഞ്ചായത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം എട്ടായി.

ഇരിട്ടി നഗരസഭയിൽ രോഗംബാധിച്ച രണ്ട് പേരും ബെംഗളൂരുവിൽനിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയാണ്. പായം പഞ്ചായത്തിലെ വള്ളിത്തോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളും ബെംഗളൂരുവിൽനിന്ന് എത്തിയതാണ്. ഇയാൾക്കൊപ്പം എത്തി പായത്ത് നിരീക്ഷണ ക്യാമ്പിൽ കഴിഞ്ഞ പാലക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.