ഇരിട്ടി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിൽ ചുരുങ്ങിയത് 100 കിടക്കകളോടുകൂടിയ ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സ്ഥാപിക്കാനുളള നടപടി തുടങ്ങി. ഇരിട്ടി താലൂക്കിന് കീഴിൽ ഇരിട്ടി, മട്ടന്നൂർ നഗരസഭകളിലും മേഖലയിലെ 11 പഞ്ചായത്തുകളിലുമാണ് സെന്ററിനുള്ള സ്ഥലം കണ്ടെത്താനുള്ള നടപടി തുടങ്ങിയത്.

ഇരിട്ടി നഗരസഭയിൽ ഇത്തരത്തിലുള്ള പത്തോളം കേന്ദ്രങ്ങൾ കണ്ടെത്തിക്കഴിഞ്ഞതായി നഗരസഭാ ചെയർമാൻ പി.പി. അശോകൻ അറിയിച്ചു. ഇരിട്ടി താലൂക്ക് ആസ്പത്രിയോട് ചേർന്നുള്ള ഇരിട്ടി ഹയർ സെക്കൻഡകി സ്കൂളിലാണ് ആദ്യമായി സൗകര്യം ഒരുക്കുക.

നൂറ്റിമുപ്പതോളം പേർക്കുള്ള കിടത്തിച്ചികിത്സാ സൗകര്യം ഇവിടെ ഒരുക്കും. തുടർന്ന് ഇരിട്ടി എം.ജി. കോളേജ്, ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഉളിയിൽ സ്കൂൾ എന്നിവിടങ്ങളിൽ സൗകര്യങ്ങളൊരുക്കും.

പായം പഞ്ചായത്ത് സി.എം.ഐ.സ്കൂളാണ് രണ്ടാമതായി കണ്ടെത്തിയിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. എല്ലാ സ്ഥലങ്ങളിലും സ്ഥലപരിശോധന നടത്തിയതായും ആവശ്യമായ ഘട്ടങ്ങളിൽ എല്ലാ സൗകര്യങ്ങളോടുംകൂടിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ വരുമെന്നും തഹസിൽദാർ കെ.കെ.ദിവാകരൻ പറഞ്ഞു.

മട്ടന്നൂരിലും തുടങ്ങും

മട്ടന്നൂർ : നഗരസഭയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻററുകൾ തുടങ്ങാൻ കോവിഡ് സുരക്ഷാസമിതി യോഗം തീരുമാനിച്ചു. സെന്ററുകളിലേക്ക് ആവശ്യമായ കട്ടിൽ, കിടക്കകൾ, വിരികൾ, തലയണകൾ, മറ്റു സ്റ്റേഷനറി സാധനങ്ങൾ എന്നിവ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാവുന്നതാണ്. ഇവ സ്വീകരിക്കുന്നതിന് നഗരസഭയുടെ ബസ്‌സ്റ്റാൻഡിലുള്ള ബസ് ഷെൽട്ടറിൽ ഹെൽപ്പ് ഡസ്ക് തുടങ്ങാനും തീരുമാനിച്ചു.

ഹോട്ടലുകൾ, മത്സ്യക്കടകൾ എന്നിവയടക്കമുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനസമയം വൈകീട്ട് ആറുവരെയാക്കി ചുരുക്കി. അനധികൃതവ്യാപാരം തടയാനും തീരുമാനിച്ചു. നഗരസഭാപരിധിയിലെ വിവാഹങ്ങൾക്ക് നഗരസഭയിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. മരണങ്ങളുണ്ടായാൽ വിവരം ഉടൻ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

നഗരസഭാ ഓഫീസിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യമുള്ളവർ മാത്രമേ ഓഫീസിൽ വരാൻ പാടുള്ളൂവെന്ന് സെക്രട്ടറി അറിയിച്ചു.