ഇരിട്ടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഇരിട്ടി ഓട്ടോ-ടാക്സി സ്റ്റാൻഡുകളിൽ പരിശോധന നടത്തി. ടാക്സി വാഹനങ്ങളിൽ ഡ്രൈവേഴ്‌സ് കാബിൻ പാർട്ടീഷൻ സംവിധാനം ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനായിരുന്നു പരിശോധന. കോവിഡ് 19 വൈറസ് ബാധ തടയാൻ ടാക്സി വാഹനങ്ങളിൽ ഡ്രൈവേഴ്‌സ് കാബിൻ പാർട്ടീഷൻ സംവിധാനം ഏർപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിരുന്നു. വാഹനങ്ങളിൽ യാത്രചെയ്യുന്നവരും ഡ്രൈവറുമായി ബന്ധമില്ലാതെ ഇരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തുന്നത്. ഈ സംവിധാനം വാഹനങ്ങളിൽ ഏർപ്പെടുത്താനുള്ള അവസാന ദിവസമായിരുന്നു വ്യാഴാഴ്ച.

ഇതിന്റെ ഭാഗമായാണ് ഇരിട്ടി ജോയിൻറ് ആർ.ടി.ഒ. ഡാനിയൽ സ്റ്റീഫൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.രാജീവ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരായ വി.പി.ശ്രീജേഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.