ഇരിട്ടി: കാട്ടാനക്കൂട്ടം വീണ്ടും ജനവാസമേഖലയിലേക്ക് എത്തിയതോടെ ജനം ഭീതിയിലായി. കഴിഞ്ഞരാത്രി ആറളം ഫാമിനോട് ചേർന്ന പാലപ്പുഴ, പെരുമ്പുന്ന ഭാഗങ്ങളിലാണ് ആനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. നിരവധി കർഷകരുടെ കുലച്ച വാഴകളുൾപ്പെടെ നശിപ്പിച്ചു. ആറളം ഫാമിൽനിന്ന് ബാവലിപ്പുഴ കടന്ന് ജനവാസകേന്ദ്രത്തിലേക്ക് എത്തിയ കാട്ടാനക്കൂട്ടം വളയങ്ങാടൻ ഭാസ്കരൻ, വളയങ്ങാടൻ ലക്ഷ്മണൻ, നടേൽ പുരുഷു, സി.ജി.തങ്കപ്പൻ എന്നിവരുടെ നേന്ത്രവാഴകൾ നശിപ്പിച്ചു.
തെങ്ങ്, കമുക് എന്നിവയ്ക്കും നാശംവരുത്തി. ഒരുമാസം മുമ്പും പ്രദേശങ്ങളിൽ ആനക്കൂട്ടം എത്തി വ്യാപക നാശം വരുത്തിയിരുന്നു. ആറളം വനത്തിൽനിന്ന് 3500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ആറളം ഫാമും ആദിവാസി പുനരധിവാസ മേഖലയും പിന്നിട്ടാണ് ആനക്കൂട്ടം പാലപ്പുഴ, പെരുമ്പുന്ന ഭാഗങ്ങളിൽ എത്തിയത്. രാത്രി ഏറെ വൈകി പുഴകടന്നെത്തുന്ന ആനക്കൂട്ടം പുലർച്ചയോടെയാണ് ആറളം ഫാമിലേക്ക് മറയുന്നത്. പാലപ്പുഴ, മണത്തണ മലയോര ഹൈവേയിലും ആനക്കൂട്ടത്തിന്റെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കുന്നു.
ഫാമിൽ നിന്ന് 18 ഓളം ആനകളെ ഒരുമാസം മുമ്പ് വനത്തിലേക്ക് തുരത്തിയിരുന്നു. ഇവ വീണ്ടും ഫാമിനുള്ളിലേക്ക് തിരികെയെത്തിയതാണ് ജനവാസമേഖലയെ ഭീതിയിലാക്കുന്നത്. ജനവാസമേഖലയിലെ വന്യമൃഗശല്യം തടയാൻ വനംവകുപ്പ് വേണ്ടത്ര നടപടി സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.