ഇരിട്ടി: ഇരിട്ടി താലൂക്കിനായി അനുവദിച്ച ലാൻഡ് ട്രിബ്യൂണൽ ഓഫീസിന്റെ ഉദ്ഘാടനം 23-ന് നടക്കും. ഇരിട്ടി പഴയപാലം റോഡിൽ ബ്ലോക്ക് പഞ്ചായത്ത് അധീനതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുക. രണ്ടുമാസം മുൻപാണ് ഇരിട്ടിക്ക് ലാൻഡ് ട്രിബ്യൂണൽ ഓഫീസ് അനുവദിച്ചത്. കെട്ടിട സൗകര്യം ലഭ്യമല്ലാത്തതിനാൽ പ്രവർത്തനം വൈകുകയായിരുന്നു. ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരൻ ഉൾപ്പെടെയുള്ള റവന്യൂ സംഘവും ജനപ്രതിനിധികളും നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് കെട്ടിടം അനുവദിച്ചുകിട്ടിയത്.
ഇപ്പോൾ കൂത്തുപറമ്പിലെയും തളിപ്പറമ്പിലെയും ലാൻഡ് ട്രിബ്യൂണൽ ഓഫീസിന് കീഴിൽ വരുന്ന ഇരിട്ടി താലൂക്ക് പരിധിയിലെ റവന്യൂ വില്ലേജുകളിലെ ഭൂമിസംബന്ധമായ ഫയലുകളെല്ലാം ഇതോടെ ഇരിട്ടി ലാൻഡ് ട്രിബ്യൂണൽ ഓഫീസിലേക്ക് മാറും. ഇതോടെ മേഖലയിലെ പട്ടയ, കൈവശരേഖ തുടങ്ങിയ ഭൂപ്രശ്നങ്ങൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിയും. ഓഫീസ് പ്രവർത്തനങ്ങൾക്കായി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, റവന്യൂ ഇൻസ്പെക്ടർ, രണ്ടുവീതം സീനിയർ, ജൂനിയർ ക്ലാർക്ക്, പ്യൂൺ, അറ്റൻഡർ തസ്തികകളും ഇരിട്ടി ഓഫീസിനായി പുതുതായി അനുവദിച്ചിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസം ചുമതലയേറ്റു. 23-ന് വൈകീട്ട് സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷതയിൽ റവന്യൂ മന്ത്രിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുക.
ഇതിനുള്ള സംഘാടകസമിതി രൂപവത്‌കരണ യോഗം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ഇരിട്ടി താലൂക്ക് ഓഫീസിൽ ചേരും.