ഇരിട്ടി: ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം കുഴൽക്കിണർ കുഴിക്കുകയായിരുന്ന വാഹനത്തിന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. തീ പിടിച്ച് കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ ശബ്ദം കേട്ട് സമീപത്തെ മൈതാനത്ത് എസ്.പി.സി. പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആസ്പത്രിയിൽ എത്തിച്ച് ചികിത്സ നൽകിയശേഷം വിട്ടയച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. പേരാവൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയിലെ ലീഡിങ് ഫയർമാൻ പ്രദീപൻ പുത്തലത്ത്, ഫയർമാൻമാരായ കെ.ഷിജു, പി.കെ.രാജേഷ്, അനീഷ് മാത്യു, ഫയർമാൻ ഡ്രൈവർ വി.കെ.ജോൺസൺ, ഹോംഗാർഡ് ടി.കെ.പ്രഭാകരൻ എന്നിവർ ചേർന്നാണ് തീയണച്ചത്. ഇരിട്ടിയിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.