ഇരിട്ടി: നഗരസഭാപരിധിയിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽപരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. അഞ്ചുഹോട്ടലുകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.കുഞ്ഞിരാമന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇരിട്ടി താലൂക്ക് ആസ്പത്രി കാന്റീനിൽനിന്ന് പഴകിയതും ഉപയോഗശൂന്യവുമായ മീൻകറിയും ഇരിട്ടി തവക്കൽ കോംപ്ലക്സിലെ തവ റസ്റ്റോറന്റിൽനിന്ന് പഴകിയ നെയ്‌ച്ചോർ, ഫ്രൈഡ് റൈസ്, ബീഫ്ചില്ലി, പൊറോട്ട, കുബൂസ്, മീൻ ഫ്രൈ, മസാലക്കറി, ഷവർമ, ചിക്കൻ, ഗ്രിൽഡ് ചിക്കൻ എന്നിവയും പത്തൊൻപതാം മൈൽ എയർഡെൻസ് ഹോട്ടലിൽനിന്ന് കടലക്കറി, പൊറോട്ട, കോളിഫ്ളവർ, ഗ്രിൽഡ് ചിക്കൻ, ബീഫ് ഫ്രൈ എന്നിവയും സമീപത്തെ ശീതളപാനീയ വില്പനകേന്ദ്രത്തിൽനിന്ന് ഉപയോഗശൂന്യമായ കവർ പാൽ, പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സപ്പോട്ട എന്നിവയും പിടിച്ചെടുത്തു. ചാവശ്ശേരി കെ.എം. റസ്റ്റോറൻറിൽനിന്ന് പഴകിയ ചപ്പാത്തി, കുഴച്ച മാവ്, ഗ്രിൽഡ് ചിക്കൻ, മീൻകറി, ചാവശ്ശേരിയിലെ നുന്നൂസ് കൺഫെക്‌ഷനറി ആൻഡ് ബേക്സിൽനിന്ന് ഉപയോഗശൂന്യമായ ഫ്രൈ ചെയ്ത ചിക്കൻ എന്നിവയും പിടികൂടി നശിപ്പിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി.അജയകുമാർ, എം.ജെ.അനിത, പി.വി.അനിൽകുമാർ, കെ.അഖിൽ തുടങ്ങിയവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.