ഇരിട്ടി: പ്രളയത്തെത്തുടർന്ന് പുഴകളിൽ അടിഞ്ഞ മണൽ വാരാൻ സംവിധാനമായില്ല. പുഴകളിൽ രൂപംകൊണ്ട വൻ മണൽത്തിട്ടകൾ പുഴയുടെ ആഴം കുറയ്ക്കുകയും ചെറിയ വെള്ളപ്പൊക്കം ഉണ്ടായാൽപ്പോലും പുഴ നിറഞ്ഞുകവിയുന്ന സാഹചര്യവുമാണ് നിലനില്ക്കുന്നത്. സർക്കാർ ഏജൻസികൾ മുഖാന്തരം പ്രളയാനന്തരം അടിഞ്ഞ മണൽ വാരാൻ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയർന്നിട്ടുണ്ടെങ്കിലും ജില്ലാ ഭരണകൂടം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. കോടിക്കണക്കിന് രൂപവരുന്ന മണൽ വൻതോതിൽ കള്ളക്കടത്തുസംഘം കടത്തിക്കൊണ്ടുപോവുകയാണ്. ബാവലി, വളപട്ടണം, ബാരാപോൾ പുഴയുടെ തീരങ്ങളിലാണ് വൻതോതിൽ മണൽനിക്ഷേപമുള്ളത്.
ബാരാപോൾ പുഴയുടെ ഭാഗമായ ചരൾ, മുടയരഞ്ഞി ഭാഗങ്ങളിൽനിന്ന് വൻ തോതിൽ മണൽ കടത്തിക്കൊണ്ടുപോകുന്നുണ്ട്. പുഴയിലേക്ക് വാഹനം ഇറക്കിവെച്ചാണ് മണൽ വാരുന്നത്. മാക്കൂട്ടം വനത്തിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന്് ബാരാപോൾ പുഴയുടെ തീരങ്ങളിൽ വൻതോതിൽ മണൽ അടിഞ്ഞിട്ടുണ്ട്്. ചിലയിടങ്ങളിൽ മണൽത്തിട്ടകൾ രൂപംകൊണ്ട് പുഴയുടെ ഒഴുക്കുതന്നെ ഗതിമാറിയിട്ടുണ്ട്ാത്രിയിലും പുലർച്ചെയുമാണ് മണൽ കടത്തുന്നത്. പോലീസിന്റെയും റവന്യൂവകുപ്പിന്റെയും ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകാത്തതും കൊള്ളക്കാർക്ക് തുണയാകുന്നു. ഞായറാഴ്ച പുലർച്ചെ കരിക്കോട്ടക്കരി എസ്.ഐ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മുടയരഞ്ഞി പുഴയിൽനിന്ന് മണൽ കടത്താൻ പുഴയിലേക്ക് ഇറക്കിവെച്ച ലോറി കസ്റ്റഡിയിലെടുത്തു.