ഇരിട്ടി: ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരി ബ്ലോക്ക് ഓഫീസിന് മുന്നിൽ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി കൈയേറിയ റവന്യു ഭൂമി തിരിച്ചുപിടിക്കാൻ നടപടി തുടങ്ങി.
കൈയേറിയ ഭൂമി റോഡ് വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിന് റവന്യു വിഭാഗം സർവേ നടത്തി കല്ല് സ്ഥാപിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ റവന്യു വകുപ്പും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടത്തിയ പ്രാഥമികപരിശോധനയിൽ മേഖലയിൽ റോഡ് കൈയേറ്റംനടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരന്റെ നേതൃത്വത്തിൽ മേഖലയിൽ സർവേ നടത്തിയത്. പയഞ്ചേരി ജങ്ഷൻ മുതൽ പഴയ ടാക്കീസ് ജങ്ഷൻ വരെ പല ഭാഗങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ടുമീറ്ററോളം കൈയേറ്റം നടന്നതായി കണ്ടെത്തി. ഇവ അളന്നുതിരിച്ച് സർവേക്കല്ല് സ്ഥാപിച്ചു. ഇരിട്ടി ടൗൺ റോഡിലെ കൈയേറ്റം ഒഴിപ്പിച്ചതിനുപിന്നാലെയാണ് റവന്യുസംഘം പേരാവൂർ റോഡിലും ഒഴിപ്പിക്കാനുള്ള നടപടി ശക്തമാക്കിയത്.
ഒഴിപ്പിച്ചെടുത്ത ഭാഗം റോഡ് വികസനത്തിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറും. ബ്ലോക്ക് ഓഫീസിന് മുന്നിൽ ചെറിയ മഴപെയ്താൽ പോലും വെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയാണ്. റോഡിൽ നിന്നും വെള്ളം ബ്ലോക്ക് ഓഫീസിലും സമീപത്തെ കടകളിലും കയറും. പ്രദേശത്തെ ഓവുചാലുകൾ വീതി കുറഞ്ഞതും കൈയേറ്റവുമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. പുതിയ ഓവുചാൽ സ്ഥാപിക്കുന്നതിനും റോഡ് ഉയർത്തുന്നതിനുമായി ഒരുകോടിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കൈയേറ്റക്കാരിൽനിന്ന് പിടിച്ചെടുത്ത ഭാഗംകൂടി പ്രയോജനപ്പെടുത്തുന്നതോടെ പയഞ്ചേരി ജങ്ഷനിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. തഹസിൽദാർക്ക് പുറമെ അഡീഷണൽ തഹസിൽദാർ ശിവരാമൻ, ഹെഡ് സർവേയർ രാജൻ, താലൂക്ക് സർവേയർമാരായ ജിൽസ്, സുരേഷ്, താലൂക്ക് ജീവനക്കാരായ സി.ടി.പ്രസാദ്, ദീപേഷ് ചാക്കോ, വില്ലേജ് അധികൃതർ എന്നിവരും സർവേക്കെത്തിയിരുന്നു.