ഇരിട്ടി: പ്രളയം തകർത്തെറിഞ്ഞ കുടക് ജില്ലയിൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ തന്നെ കഴിയുന്നു. പ്രളയദുരിതത്തെ അതിജീവിക്കാൻ കേരളം കൂട്ടായി കൈകോർക്കുമ്പോൾ കർണാടകയിലെ കുടക് സോമവാർപേട്ട താലൂക്കിലെ നെല്യാഹുദിക്കേരി പഞ്ചയാത്തിലെ മലയാളി കുടുംബങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്.

പ്രളയത്തിൽ പഞ്ചായത്തിലെ ഇരുന്നൂറോളം മലയാളി കുടുംബങ്ങളാണ് വീടും സ്വത്തും നഷ്ടപ്പെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞത്. പലരും കുടുംബവീടുകളിലും മറ്റും താമസം മാറിയെങ്കിലും നൂറോളം മലയാളികളാണ് നെല്യാഹുദിക്കേരി ഗവ. യു.പി. സ്കൂളിലെ ക്യാമ്പിൽ കഴിയുന്നത്.

പുഴയോട് ചേർന്നുനിൽക്കുന്ന ഇവരുടെ വീടുകൾ പൂർണമായും പുഴയെടുത്തു. പല ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുന്നവരെ മാറ്റിമാറ്റിയാണ് ഇപ്പോൾ യു.പി. സ്കൂളിലേക്ക് എത്തിച്ചിരിക്കുന്നത് .കഴിഞ്ഞ ദിവസം ജില്ലാ അധികൃതർ എത്തി ഇവരോട് കുടുംബവീടുകളിലേക്കോ വാടകവീടുകളിലേക്കോ മാറി താമസിക്കണമെന്നും സ്കൂൾ സുഗമമായി പ്രവർത്തിക്കാൻ സാഹചര്യമൊരുക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ, എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇവർ.

തെരുവിലേക്ക് ഇറക്കിവിടരുതെന്നാണ് ഇവരുടെ അഭ്യർഥന. വീടുകൾ നാമവശേഷമായ സ്ഥലത്ത് ഇനിയോരു കൂര കെട്ടി താമസിക്കാനുള്ള ധൈര്യമോ സമ്പാദ്യമോ ഇവർക്കില്ല. അപകടാവസ്ഥയിലായ പലയിടങ്ങളും പുറമ്പോക്ക് സ്ഥലമാണെന്നും ഇവിടെ ഇനി വീടിന് അനുമതി നൽകാൻ തയ്യാറല്ലെന്നാണ് അധികൃതർ പറയുന്നത്. ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള ഇടങ്ങളോ താത്‌കാലിക പരിഹാരങ്ങളോ നിർദേശിക്കാൻ കഴിയാതെ കുഴങ്ങുകയാണ് അധികൃതർ. സ്കൂൾ അടുത്ത ദിവസം പ്രവർത്തിപ്പിക്കാൻ കളക്ടറുടെ ഉത്തരവിറങ്ങിയതോടെ ഈ കുടുംബങ്ങളുടെ ജീവിതം ചോദ്യചിഹ്നമായി മാറുകയാണ്.