ഇരിട്ടി: അഞ്ചുദിവസം മലയോരത്തെ വിറങ്ങലിപ്പിച്ച പ്രളയത്തിന് അല്പം ശമനമുണ്ടായെങ്കിലും ജനങ്ങളിൽ ഭീതിയൊഴിയുന്നില്ല. തോരാത്ത മഴയാണ് ആശങ്കയുണ്ടാക്കുന്നത്. മേഖലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾകൂടി തുറന്നു. മണത്തണയിലും കുയിലൂരിലുമാണ് തുടങ്ങിയത്. ഇതോടെ 2800പേർ 21 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
ഉരുൾപൊട്ടലും കുന്നിടിച്ചിലും കാര്യമായുണ്ടായില്ല. ഇതോടെ പുഴകളിൽ മൂന്നുമീറ്ററോളം ജലനിരപ്പ് താഴ്ന്നു. റോഡുകൾ വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ ഗതാഗതം സാധാരണനിലയിലേക്കു നീങ്ങുകയാണ്. ഇരിട്ടി പുതിയ ബസ്‌സ്റ്റാൻഡ്, പയഞ്ചേരി, മാടത്തിൽ, കോളിക്കടവ്, കല്ലുരുട്ടി, വള്ളിത്തോട്, പേരട്ട എന്നിവിടങ്ങളിലെ റോഡുകളിൽനിന്നു വെള്ളമിറങ്ങി. നിർത്തിവെച്ചിരുന്ന ബസ് ഗതാഗതം ഇതോടെ പുനഃസ്ഥാപിച്ചു. വൈദ്യുതി സാധാരണനിലയിലായിട്ടില്ല. ടൗൺ പ്രദേശങ്ങളിൽ മാത്രമാണ് വൈദ്യുതിയെത്തിക്കാനായത്.
തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാനപാതയിൽ കേളൻപീടികയിൽ കുന്നിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡിനോടുചേർന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തേതുൾപ്പെടെ 30-ഓളം അടി പൊക്കത്തിൽനിന്ന് കൂറ്റൻ മരങ്ങൾ റോഡിലേക്കു പതിക്കുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.
ഇരിട്ടി പോലീസ് സ്റ്റേഷനു സമീപം കുന്നിടിഞ്ഞ് ഇരുനിലവീട് ഭാഗികമായി തകർന്നു. മാമൂട്ടിൽ ബെന്നിയുടെ വീടിന്റെ പിറകുവശമാണ് തകർന്നത്. കേളകത്തും കൊട്ടിയൂരും രണ്ടു വീടുകൾ ഭാഗികമായി തകർന്നു. നിടുംപൊയിലിലും കേളകം നാനാനിപ്പൊയിലിലും മരംവീണ് ഗതാഗതം മുടങ്ങി. കർണാടകവനത്തിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് നുച്യാട്, മണിക്കടവ് പുഴകളിൽ വെള്ളമുയർന്നു. കാലങ്കി, കോളിത്തട്ട് ഭാഗങ്ങളിൽനിന്ന് മണ്ണിടിച്ചിൽഭീഷണിയെത്തുടർന്ന് 25-ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുയിലൂരിൽ മരംവീണ് വീട് ഭാഗികമായി തകർന്നു.
പുനരധിവാസ ക്യാമ്പുകളിൽ ഇരിട്ടി തഹസിൽദാർ കെ.കെ.ദിവാകരന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ അവലോകനംചെയ്തു. ഓരോ ക്യാമ്പിലേക്കും ഡെപ്യൂട്ടി തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും ചുമതല നൽകിയിട്ടുണ്ട്. പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി താലൂക്കാസ്പത്രി സൂപ്രണ്ടും ആരോഗ്യവകുപ്പ് പ്രവർത്തകരും ക്യാമ്പുകളിൽ പരിശോധന നടത്തി. ദുരന്തനിവാരണപ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടിയിലേക്ക് നിയോഗിക്കപ്പെട്ട ടെറിട്ടോറിയൽ ആർമിയും മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി. അധികൃതരും മോട്ടോർവാഹനവകുപ്പും സഹായവുമായി നാട്ടുകാർക്കൊപ്പം നിലയുറപ്പിച്ചു.