ഇരിട്ടി: സി.പി.എം. ഭരിക്കുന്ന ഇരിട്ടി നഗരസഭാ ഭരണസമിതിക്കെതിരേ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൻമേലുള്ള ചർച്ച വ്യാഴാഴ്ച നടക്കും. രാവിലെ ചെയർമാൻ പി.പി.അശോകനെതിരേയും ഉച്ചയ്ക്കുശേഷം വൈസ് ചെയർ പേഴ്‌സൺ കെ.സരസ്വതിക്കെതിരേയുമുള്ള അവിശ്വാസമാണ് ചർച്ചചെയ്ത് വോട്ടിനിടുക.

അവിശ്വാസം പാസാകണമെങ്കിൽ 33 അംഗ ഭരണസമിതിയിൽ 17 പേരുടെ പിന്തുണവേണം. യു.ഡി.എഫിന് 15 അംഗങ്ങളുണ്ടെങ്കിലും 14 പേർക്ക് മാത്രമേ വോട്ടവകാശമുള്ളൂ. ഭരണകക്ഷിയായ സി.പി.എമ്മിന് 13 പേരുടെ പിന്തുണയാണുള്ളത്. അഞ്ചുപേർ ബി.ജെ.പി. പ്രതിനിധികളാണ്. ഇവരുടെ നിലപാടാണ് നിർണായകം. പ്രമേയത്തെ മൂന്ന് ബി.ജെ.പി. അംഗങ്ങളെങ്കിലും പിന്തുണച്ചാൽ മാത്രമേ പാസാവുകയുള്ളു. ബി.ജെ.പി. പിന്തുണയ്ക്കുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. എന്നാൽ നിഷ്പക്ഷതപാലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. ബി.ജെ.പി. ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പർട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ നിലപാട് അറിയിക്കുമെന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്.