ഇരിട്ടി: ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ എന്ന ആവശ്യം പൂർണമായും ഒഴിവാക്കി താലൂക്ക് ഓഫീസിന് മാത്രമുള്ള കെട്ടിടം നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി മരാമത്ത് അധികൃതർ സർക്കാരിന് സമർപ്പിച്ചു. ആറുമാസം മുൻപ്‌ ഇത്തരം ഒരു നീക്കം നടന്നപ്പോൾ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച തീരുമാനമാണ് ഇപ്പോൾ വീണ്ടും രഹസ്യമായി നടപ്പാക്കാൻ ശ്രമം തുടങ്ങിയത്. മരാമത്ത് സമർപ്പിച്ച എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചാൽ ഇരിട്ടി താലൂക്കിന് മിനി സിവിൽ സ്റ്റേഷൻ നഷ്ടമാകും.

ഇരിട്ടിയിൽ സിവിൽ സ്റ്റേഷൻ നിർമിക്കാൻ 20 കോടി രൂപയുടെ എസ്റ്റിമേറ്റ് നാലുവർഷം മുൻപ്‌ സമർപ്പിച്ചതാണ്. ഇത്‌ തള്ളിയാണ് 3.5 കോടി രൂപയ്ക്ക് താലൂക്ക് ഓഫീസിന് മാത്രമുള്ള കെട്ടിടം പണിയുന്നത്. പയഞ്ചേരിമുക്കിൽ സിവിൽ സ്റ്റേഷനായി നീക്കിവെച്ച ഒരേക്കർ സ്ഥലത്ത് താലൂക്ക് ഓഫീസിന് മാത്രമുള്ള കെട്ടിടം പണിയുന്നതോടെ പിന്നീട് സിവിൽ സ്റ്റേഷന് സാധ്യത തന്നെ ഇല്ലാതാവും.

ജില്ലയിൽ 5 വർഷം മുൻപ് ഇരിട്ടിക്കൊപ്പം താലൂക്ക് അനുവദിച്ച വെള്ളരിക്കുണ്ടിന് മിനിസിവിൽ സ്റ്റേഷനായി 11 കോടി രൂപ നൽകുകയും ആറുമാസം മുൻപ് വകുപ്പ് മന്ത്രി ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു. ഇരിട്ടിക്കും സിവിൽ സ്റ്റേഷൻ അനുവദിക്കണമെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സണ്ണി ജോസഫ് എം.എൽ.എ. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിമാർക്കുമെല്ലാം നിവേദനം സമർപ്പിച്ചിരുന്നു.

കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച 11 താലൂക്കുകളിൽ പത്തെണ്ണത്തിലും മിനി സിവിൽസ്റ്റേഷനുള്ള നടപടികൾ പുരോഗതിയിലാണ്. താലൂക്കാസ്ഥാനമല്ലാത്ത ഇരിട്ടിയുടെ സമീപനഗരത്തിൽ റവന്യൂ ടവർ അനുവദിക്കുകയും ചെയ്തിടത്താണ് ഇരിട്ടിയോടുള്ള വിവേചനം.

നടപടിയിൽ ദുരൂഹതയെന്ന്

പുതുതായി അനുവദിച്ച 11 താലൂക്കുകളിൽ ആദ്യം പ്രവർത്തനക്ഷമമായത് ഇരിട്ടിയാണ്. നാലുവർഷമായി വാടകക്കെട്ടിടത്തിലാണ് പ്രവർത്തനം. കഴിഞ്ഞ ഫെബ്രുവരിയിൽ താലൂക്ക് ഓഫീസിന് മാത്രമായി കെട്ടിടം പണിയുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ നീക്കംനടന്നിരുന്നു. എം.എൽ.എ.യും സർവകക്ഷിപ്രതിനിധികളും എതിർത്തതോടെ നീക്കം മരവിപ്പിച്ചതായും സിവിൽ സ്റ്റേഷൻ തരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇരിട്ടിയിൽ താലൂക്കുഓഫിസിന്‌ പുറമെ താലൂക്കുമായി ബന്ധപ്പെട്ട സപ്ലൈ ഓഫീസ്, സബ് ട്രഷറി, ജോയിന്റ് ആർ.ടി.ഒ. ഓഫീസ് എന്നിവയെല്ലാം വാടകക്കെട്ടിടത്തിലാണ്. സ്വന്തമായി സ്ഥലം ഉണ്ടായിട്ടുകൂടി ഇരിട്ടിക്ക് മിനി സിവിൽ സ്റ്റേഷൻ അനുവദിക്കാത്ത നടപടിയിൽ ദുരൂഹത ഏറുകയാണ്.