ഇരിട്ടി: ഇരിട്ടിയിലെ വിദ്യാഭ്യാസസ്ഥാപനത്തിൽനിന്ന്‌ ജനറേറ്റർ മോഷ്ടിച്ചയാളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി കുന്നുംപുറത്ത് മനോജി(55)നെയാണ് ഇരിട്ടി എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

നേരംപോക്ക് റോഡിൽ പ്രവർത്തിക്കുന്ന പ്രഗതി കരിയർ ഗൈഡൻസ് കോളേജിലെ എൺപതിനായിരത്തോളം രൂപ വിലയുള്ള ജനറേറ്ററാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ 31-ന് രാത്രിയിലായിരുന്നു മോഷണം നടന്നത്.

കോളേജിന്റെ മൂന്നാംനിലയിൽ സൂക്ഷിച്ച ജനറേറ്ററാണ് ഇയാൾ കടത്തിക്കൊണ്ടുപോയത്. കുറച്ചുകാലമായി ആറളം ഫാമിലും കാഞ്ഞിരക്കൊല്ലിയിലും മറ്റുമായി താമസിച്ചുവരികയായിരുന്നു ഇയാൾ. മനോജ് നടത്തിയതെന്ന് സംശയിക്കുന്ന മറ്റ് മോഷണക്കേസുകളെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.