ഇരിട്ടി: ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പശ്ചാത്തല സൗകര്യങ്ങളുടെ കുറവും പരിഹരിക്കാൻ 38 ആദിവാസി വിദ്യാർഥികൾക്ക് പ്രീമെട്രിക് ഹോസ്റ്റുലുകളിൽ പ്രവേശനം നൽകി. ആറളം പഞ്ചായത്തിലെ ചതിരൂർ 110 കോളനികളിലെ പ്രൈമറി വിദ്യാർഥികളായ 17 പെൺകുട്ടികൾ അടക്കമുള്ളവർക്കാണ് പട്ടികവർഗ ക്ഷേമവകുപ്പിന്റെ വിവിധ ഹോസ്റ്റലുകളിൽ വ്യാഴാഴ്ച പ്രവേശനം നൽകിയത്. പെൺകുട്ടികളെ ഉളിക്കൽ വയത്തൂർ ഹോസ്റ്റലിലും ആൺകുട്ടികളെ കേളകം, നടുവിൽ ഹോസ്റ്റലുകളിലുമാണ് പ്രവേശിപ്പിച്ചത്. സമീപ സ്കൂളുകളിൽ പ്രവേശനം നൽകി കുട്ടികളെ ഹോസ്റ്റലുകളിൽ താമസിപ്പിച്ച് പഠിപ്പിക്കും. കുട്ടികളുടെ ടി.സി. ഹാജരാക്കണമെന്ന നിർദേശം ഉണ്ടായെങ്കിലും കുട്ടികൾക്ക് അനുകൂലമായി കളക്ടർ നൽകിയ താത്‌കാലിക ഉത്തരവിനെ തുടർന്നാണ് ഹോസ്റ്റലിൽ പ്രവേശിപ്പിച്ചത്. അതത് സ്കൂളുകളിൽനിന്ന് തുടർദിവസങ്ങളിൽ ടി.സി. വാങ്ങിയെത്തിക്കും. സ്കൂൾ ബാഗുകൾ, കുട, ചെരിപ്പ് എന്നിവയില്ലെന്നറിയിച്ച കുട്ടികൾക്കെല്ലാം ഉടൻ എത്തിക്കാമെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുനൽകി.
കഴിഞ്ഞദിവസം ആറളം വന്യജീവി സങ്കേതത്തിൽ വന്യജീവിവകുപ്പും ആദിവാസി പുനരധിവാസ മിഷനും ആറളം പഞ്ചായത്തും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ജില്ലാ സമഖ്യ സൊസൈറ്റി നേതൃത്വത്തിൽ രണ്ടുനാളത്തെ മഴനിലാവ് ക്യാമ്പ് ചതിരൂർ നൂറ്റിപ്പത്തിലെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് നടത്തിയിരുന്നു. ക്യാമ്പിൽ വെളിപ്പെട്ട കുട്ടികളുടെ പഠനത്തിലെ കൊഴിഞ്ഞുപോക്ക് തടയാനാണ് രക്ഷിതാക്കളെക്കൂടി ബോധ്യപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ വിദ്യാർഥികൾക്ക് ഉറപ്പാക്കാൻ തീരുമാനിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.റോസമ്മ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.മോഹനൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ, വാർഡംഗം റഹിയാനത്ത് സുബി, മഹിളാ സമഖ്യ സൊസൈറ്റി പ്രവരത്തകരായ ലബീബ, പി.കെ.സുഷമ, എസ്.ടി.പ്രൊമോട്ടർമാരായ രമ, ശുഭ എന്നിവരാണ് വ്യാഴാഴ്ച കുട്ടികളെ ഹോസ്റ്റലുകളിലെത്തിക്കാൻ നേതൃത്വം നൽകിയത്. ആറളംഫാം ആദിവാസി പുനരധിവാസ മിഷൻ ഏർപ്പെടുത്തിയ സ്കൂൾ ബസ്സിലാണ് കുട്ടികൾ അധികൃതർക്കൊപ്പം ഹോസ്റ്റലുകളിലേക്ക് പോയത്.