ഇരിട്ടി: പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി തകർന്ന റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ ലിസ്റ്റിൽനിന്ന് കണ്ണൂർ ജില്ല പുറത്ത്. സംസ്ഥാനത്തെ എട്ടു ജില്ലകളെ ഉൾപ്പെടുത്തിയപ്പോൾ കണ്ണൂരിനെ ഒഴിവാക്കിയത് മലയോരത്തെ ആശങ്കയിയാഴ്ത്തി.

പ്രളയത്തിൽ ജില്ലയിൽ കൂടുതൽ നാശനഷ്ടം ഉണ്ടായത് റോഡുകൾക്കും പാലങ്ങൾക്കുമാണ്. റോഡുകളും ചെറു പാലങ്ങളും കൂടുതലായി തകർന്നത് മലയോര പഞ്ചായത്തുകളായ ആറളം, അയ്യൻകുന്ന്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഉളിക്കൽ എന്നിവിടങ്ങളിലാണ്. മേഖലയിൽ 30-തോളം റോഡുകളും 25-ഓളം കലുങ്കുകളും ചെറുപാലങ്ങളും തകർന്നതായി പ്രളയ നാളുകളിൽ അധികൃതർ കണക്കാക്കിയതായിരുന്നു.

ഒരു വർഷമായിട്ടും പല റോഡുകളും താത്‌കാലിക അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രാമീണ റോഡുകളാണ് തകർന്നുകിടക്കുന്നത്. പ്രളയ പുനർനിർമാണ ഫണ്ടിൽനിന്ന്‌ പണം ലഭിക്കുമെന്ന പ്രതീക്ഷയാൽ ചില റോഡുകളും പാലങ്ങളും അങ്ങനെ തന്നെ കിടക്കുമ്പോൾ ചിലത് പഞ്ചായത്തിന്റെ ഫണ്ടിൽനിന്ന്‌ താത്‌കാലിക അറ്റകുറ്റപ്പണി നടത്തിയിരുന്നു.

അറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലം ഇതുവരെ പുനർനിർമിച്ചിട്ടില്ല. പാലത്തിന്റെ നിർമാണത്തിന് കോടികൾ വേണ്ടിവരുന്നതിനാൽ ഇത് ഗ്രാമപ്പഞ്ചായത്തുകൾക്ക് താങ്ങാൻ കഴിയില്ല. അയ്യൻകുന്ന് പഞ്ചായത്തിലെ കിഴക്കെ പാറയ്ക്കാപാറ- കീടങ്ങാനംറോഡ് പൂർണമായും തകർന്നു. ഇവിടെ റോഡ് രണ്ടായി മുറിഞ്ഞുപോയിരുന്നു.

കുന്നുമ്മൽ പാറയ്ക്കാമല റോഡും വള്ളിത്തോട്-മൂന്നാംകുറ്റി റോഡും ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെയാണ്. കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോട് റോഡും ഒറ്റപ്ലാവ്- പന്നിയാൻമലറോഡും പുനർനിർമാണം കാത്തു കഴിയുന്നവയാണ്. മേഖലയിലെ നിരവധി ഗ്രാമീണ റോഡുകളുടെ നവീകരണമാണ് പുതിയ ഉത്തരവിലൂടെ നടക്കാതെ പോകുന്നത്.

തീരുമാനം പുന പരിശോധിക്കണം

സർക്കാർ തീരുമാനം പുന പരിശോധിക്കണമെന്നും ഒന്നാം ഘട്ടത്തിൽ തന്നെ ഈ റോഡുകൾ നവീകരണ പ്രവൃത്തി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി. ജില്ലയെ കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പുനർനിർമ്മാണ പദ്ധതി ചാർജ് വഹിക്കുന്ന റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി കെ. വേണുവിനെയും നേരിൽ കണ്ട് ചർച്ച നടത്തുകയും ചെയ്തതായി എം.എൽ.എ അറിയിച്ചു