ഇരിട്ടി: ആറളം പഞ്ചായത്തിലെ പെരുമ്പഴശ്ശിയിൽ ജനവാസകേന്ദ്രത്തിൽ കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ചു. ആറളം ഫാമിൽനിന്ന് കൊക്കോട്‌ പുഴ കടന്നെത്തിയ ആറ് ആനകൾ പ്രദേശത്തെ 15 കർഷകരുടെ കൃഷിഭൂമിയിൽ കനത്ത നാശംവരുത്തി.

വീട്ടുമുറ്റത്തോളമെത്തിയ ആനക്കൂട്ടത്തെ കണ്ട് ജനങ്ങൾ വാതിലടച്ച് കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് പിലാക്കി അബ്ദുൾ ഹക്കീമിന്റെ വീട്ടുമുറ്റത്ത് ആനയെത്തിയത്. വിറച്ചുപോയ വീട്ടുകാർ വാതിലടച്ച് മണിക്കൂറുകളോളം ഉള്ളിൽ കഴിഞ്ഞു. ആന തിരിച്ചുപോയി എന്ന് ഉറപ്പുവരുത്തിയശേഷം പുറത്തിറങ്ങിയ വീട്ടുകാർ ഭീതിയിൽ അടുത്തവീട്ടിലേക്ക് മാറി. രണ്ടാഴ്ചയ്ക്കിടയിൽ രണ്ടാംതവണയാണ് ആനക്കൂട്ടം എത്തുന്നത്. പ്രദേശത്തെ പൊയിലൻ അബൂബക്കറുടെ പറമ്പിലെ നൂറോളം വാഴകളും തെങ്ങും ആനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ താഴെവീട്ടിൽ മോഹനന്റെ നൂറോളം വാഴകളും പി.വി. അനിൽകുമാറിെന്റ വാഴയും തെങ്ങും പൊയിലൻ അബ്ദുൾറഹ്‌മാൻ, പി.പി.മൂസ ഹാജി, പി.പി. അബുബക്കർ, ഇവരുടെ സഹോദരങ്ങളായ മുഹമ്മദ്, ഫാത്തിമ്മ, അസ്മ, അരയാക്കൂർ ഫാത്തിമ തുടങ്ങിയവരുടെ കൃഷികളും വ്യാപകമായി നശിപ്പിച്ചു.

ചെടിക്കുളം ടൗണിൽനിന്ന് മൂന്ന് കിലോമീറ്ററോളം അകലെയുള്ള പ്രദേശമാണിത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പുലർച്ചെ രണ്ടുമണിയോടെ ആനക്കൂട്ടത്തെ പുഴകടത്തി ഫാമിന്റെ അധീനതയിലുള്ള കാട്ടിലേക്ക് കയറ്റി. ആറളം ഫാമിൽ തമ്പടിച്ച കാട്ടനക്കൂട്ടമാണ് പുഴകടന്ന് എത്തുന്നത്. പുഴയിൽ വെള്ളം കുറവായതിനാൽ ഇവ വീണ്ടും എത്താൻ സാധ്യതയുണ്ടെന്നത് നാട്ടുകാരെ ഭീതിയിലാക്കുന്നു. ആറളം വന്യജീവി സങ്കേതത്തിൽനിന്ന് കിലോമീറ്ററോളം അകലെയുള്ള പ്രദേശമാണിത്.

കൃഷിയിറക്കേെണ്ടന്ന നിലപാടിലേക്ക് കർഷകർ

പലരുടെയും കൃഷിയിടം കഴിഞ്ഞ വെള്ളപൊക്കത്തിൽ വ്യാപകമായി നശിച്ചിരുന്നു. അതിനുശേഷം നട്ടുവളർത്തിയ വാഴയും തെങ്ങും കവുങ്ങുമാണ് ഇപ്പോൾ ആനക്കൂട്ടം നശിപ്പിച്ചത്. നേരത്തെയുണ്ടായ നാശങ്ങൾക്കൊന്നും ഒരുരൂപപോലും പ്രദേശത്തുകാർക്ക് നഷ്ടപരിഹാരമായി ലഭിച്ചിരുന്നില്ല. ഇടയ്ക്കിടെ ആനയെത്തുന്നതുകാരണം ഇനി ഒന്നും കൃഷിയിറക്കേണ്ടന്ന നിലപാടിലാണ് കർഷകർ. സുമാ ദിനേശൻ, മുൻ അംഗം പി.വി.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു