ഇരിട്ടി: കാട്ടനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നട്ടംതിരിയുകയാണ് ആറളം പഞ്ചായത്തിലെ ജനങ്ങൾ. ആറളം കൃഷിഭവന്‌ കീഴിൽ രണ്ടാഴ്ചയ്ക്കിടയിൽ ആറ്്‌ സ്ഥലങ്ങളിലാണ് കാട്ടാനക്കൂട്ടം കൃഷിക്ക് കനത്ത നാശം വരുത്തിയത്.

കഴിഞ്ഞ രാത്രി വട്ടപ്പറമ്പ്, ഇടവേലി ഭാഗങ്ങലിൽ എത്തിയ ആനക്കൂട്ടം മുന്നൂറോളം വാഴകളാണ്‌ നശിപ്പിച്ചത്. വട്ടപ്പറമ്പിൽ അബ്രഹാം തേവർ പുത്തറയുടെ നാലുമാസം പ്രായമായ നൂറോളം നേന്ത്രവാഴകൾ പൂർണമായും നശിപ്പിച്ചു. 700 വാഴകളാണ് കൃഷിചെയ്തിരുന്നത്.

സമീപത്തെ പാറയ്ക്കൽ തങ്കച്ചന്റെ വാഴകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം പെരുമ്പഴശ്ശിയിൽ എത്തിയ ആനക്കൂട്ടം കൃഷിക്ക് കനത്ത നാശനഷ്ടം വരുത്തിയിരുന്നു. കൊക്കോട്, പറമ്പത്തെക്കണ്ടി എന്നിവിടങ്ങളിലും ആനകൾ വ്യാപകമായി കൃഷിനാശം വരുത്തി . വട്ടപ്പറമ്പിൽ ഒരുമാസത്തിനിടയിൽ രണ്ടാംതവണയാണ് ആനക്കൂട്ടം എത്തുന്നത്.

ആറളംഫാം ബ്ലോക്ക് മൂന്നിൽ താവളമാക്കിയ ആനക്കൂട്ടം പുഴ കടന്നാണ് ജനവാസമേഖലയിൽ എത്തിയത്. രാത്രി 12 മണിയോടെ കൃഷിയിടത്തിൽ എത്തിയ ആനക്കൂട്ടം പുലർച്ചെയോടെയാണ് വീണ്ടും ഫാമിനുള്ളിലേക്ക് തിരികെ പ്രവേശിച്ചത്. മാസങ്ങളായി ഫാമിനുള്ളിൽ താവളമാക്കിയ ആനക്കൂട്ടം ജനവാസമേഖലയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ ജനം ഭീതിയിലാണ്. ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള നടപടി വിജയം കാണുന്നില്ല. കഴിഞ്ഞ ദിവസം ഏറെ സാഹസപ്പെട്ട് വനത്തിലേക്ക് തുരത്തിയ ആന രണ്ടുദിവസത്തിനുള്ളിൽ ഫാമിനുള്ളിലേക്ക് തിരികെയെത്തി. വനാതിർത്തിയിൽ കാട്ടാന പ്രതിരോധ സംവിധാനങ്ങൾ തകർന്നുകിടക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.

കൃഷി നശിപ്പിച്ച സ്ഥലങ്ങൾ ആറളം കൃഷി അസിസ്റ്റൻറ്് സി.കെ.സുമേഷ് പരിശോധിച്ചു.

കർഷകർക്ക് ലഭിക്കുന്നത് തുച്ഛമായ നഷ്ടപരിഹാരം

കാട്ടാന കൃഷി നശിപ്പിച്ചാൽ കർഷകന് ലഭിക്കുന്നത് തുച്ഛമായ നഷ്ടപരിഹാരമാണ്. വട്ടപ്പറമ്പിൽ ഇൻഷൂർ ചെയ്ത വാഴത്തോട്ടത്തിലാണ് കഴിഞ്ഞ രാത്രി ആനക്കൂട്ടം കനത്ത നാശം വരുത്തിയത്. ഒരു വാഴയ്ക്ക് 3 രൂപ പ്രീമിയം അടച്ചാണ് ഇൻഷൂർ ചെയ്തത്. കുലച്ച വാഴയ്ക്ക് 300 രൂപയും കുലക്കാത്തതിന്‌ 150 രൂപയും ആണ് നഷ്ടപരിഹാരം. കുലയ്ക്കാൻ പ്രായമായ 100 വാഴകളാണ് നശിപ്പിച്ചവയിൽ എല്ലാം. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടാകുന്നത്. ചിലപ്പോൾ ഉത്‌പാദനച്ചെലവിന്റെ പകുതിപോലും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്.