ഇരിട്ടി: വാണിയപ്പാറ തുടിമരത്ത് കടുവയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. കഴിഞ്ഞദിവസം കടുവ കടിച്ചുകൊന്ന പശുവിനെ കുഴിച്ചിട്ട സ്ഥലത്താണ് കടുവയുടെ കാല്പാടുകൾ കണ്ടത്. പശുവിനെ കൊന്ന ശേഷവും കടുവ വീണ്ടും പ്രദേശത്ത് എത്തിയെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടൊരുക്കി കടുവയെ പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഞായറാഴ്ച പകൽ ഒരുമണിയോടെയാണ് വാണിയപ്പാറ തുടിമരത്തെ കുന്നേൽപറമ്പിൽ ഏലിയാമ്മ മാത്യുവിന്റെ കറവപ്പശുവിനെ കടുവ പിടിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പശു പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പശു വീട്ടിലെത്തിയപ്പോൾ കൂടെയുള്ളതിനെ അന്വേഷിക്കുന്നതിനിടയിലാണ് ഏലിയാമ്മ കടുവ പശുവിനെ അക്രമിക്കുന്നത് കണ്ടത്.

ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് ഏലിയാമ്മ കടുവയിൽനിന്ന് രക്ഷപ്പെട്ടത്. ഇതേത്തുടർന്ന് വനപാലകരും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. എന്നാൽ കടുവ തന്നെയാണ് പശുവിനെ കൊന്നത് എന്ന്‌ വെറ്ററിനറി ഡോക്ടർ സ്ഥിരീകരിച്ചു.

ചത്ത പശുവിനെ കുഴിച്ചിട്ട സ്ഥലത്ത് കടുവയുടെ കാൽപാദം പതിഞ്ഞതായി കണ്ടെത്തി. കഴിഞ്ഞദിവസം ഏലിയാമ്മയുടെ മകൻ ജിജോ വീടിനു സമീപത്തായി കടുവയെ കണ്ടതായും പറയുന്നു.

വനാതിർത്തിയോട് ചേർന്നുകിടക്കുന്ന വീടുകളിലുള്ളവർ ഇപ്പോൾ ഏറെ ഭയത്തോടെയാണ് കഴിയുന്നത്. വനംവകുപ്പ്‌ കൊട്ടിയൂർ റെയിഞ്ചർ വി.വിനു, ഫോറസ്റ്റർ കെ.ജിജിൽ, വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ.വി.ശിവശങ്കരൻ, കെ.പി.മുകേഷ്, ബെന്നി തടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.