ഇരിട്ടി: റോഡ് വികസനത്തിനായി ഇരിട്ടി ടൗണിലെ റവന്യൂഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥസംഘത്തെ വ്യാപാരികൾ തടഞ്ഞു. തഹസിൽദാർ കെ.കെ.ദിവാകരന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തെയാണ് വ്യാപാരികൾ തടഞ്ഞത്. ഇതോടെ ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തിവെച്ചു.

ഒഴിപ്പിക്കുന്നതിന് മുൻപ് കൈയേറ്റം ബോധ്യപ്പെടുത്തുന്ന നോട്ടീസ് നൽകണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണ് നടപടികൾ നിർത്തിവെച്ചത്. നോട്ടീസ് നൽകിയശേഷം കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ടൗണിലെ വ്യക്തിഗത കൈയേറ്റം കണ്ടെത്താൻ റവന്യൂവകുപ്പ് സർവേ തുടങ്ങിയിരുന്നു. സർവേ നടത്തിയ ഭാഗത്തെ ചില കെട്ടിട ഉടമകൾ സ്വയം പൊളിച്ചുനീക്കിയിരുന്നു. മറ്റു ചിലരും സ്വയം പൊളിച്ചുനീക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിനെത്തുടർന്നാണ് തഹസിൽദാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് മണ്ണുമാന്തിയന്ത്രവുമായി എത്തിയത്. കെട്ടിടം ഉടമയുമായി സംസാരിക്കുന്നതിനിടയിലാണ് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. ഇരുവിഭാഗവും ഏറെ നേരം വാക് തർക്കത്തിൽ ഏർപ്പെട്ടു.

നോട്ടീസ് നൽകി മാത്രമേ പൊളിക്കാൻ അനുവദിക്കൂ എന്ന നിലപാടിൽ വ്യാപാരികൾ ഉറച്ചുനിന്നു. സ്വമേധയാ പൊളിച്ചുനീക്കാൻ കെട്ടിട ഉടമകൾ മുന്നോട്ടുവന്നാൽ പൊളിച്ചുനീക്കുമെന്ന് തഹസിൽദാരും പ്രതിഷേധക്കാരെ അറിയിച്ചു. ഇരിട്ടി സി.ഐ.യുടെ നേതൃത്വത്തിൽ പോലീസും യാത്രക്കാരും മറ്റുള്ളവരും പ്രദേശത്ത് തടിച്ചുകൂടി. സംഘർഷത്തിന്റെ വഴി സ്വീകരിക്കേണ്ടെന്ന നിലപാടുമായി വ്യാപാരികളുടെ ആവശ്യം റവന്യൂ അധികൃതർ അംഗീകരിച്ചു. സർവേ നടപടികൾ ഉടൻ പൂർത്തിയാക്കി വ്യക്തിഗത കൈയേറ്റം സംബന്ധിച്ച് പ്ലാനും സ്കെച്ചും സഹിതം കൈയേറ്റക്കാർക്ക് നോട്ടീസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് റവന്യൂവകുപ്പ്.

സർവേയിൽ ഇരിട്ടി പാലം മുതൽ പയഞ്ചേരി വരെ ചിലയിടങ്ങളിൽ വൻ കൈയേറ്റം കണ്ടെത്തിയിരുന്നു. കൈയേറ്റം പൂർണമായും ഒഴിപ്പിച്ച് റവന്യൂഭൂമി ടൗൺ റോഡ് വികസനത്തിനായി ഉപയോഗിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.