ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങുന്നത് നിത്യസംഭവമായി. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ പാലപ്പുഴ, കൂടലാട് മേഖലയിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനകൾ വാഴ, തെങ്ങ്, പ്ലാവ് മുതലായ കാർഷികവിളകൾ നശിപ്പിച്ചു.
കൂടലാട്ടെ പെരുന്തേൻ മൂസയുടെ വാഴത്തോട്ടത്തിലെ അൻപതോളം വാഴകൾ നശിപ്പിച്ച ആനകൾ വീട്ടുപറമ്പിലെ കൂറ്റൻ പ്ലാവും തെങ്ങും കുത്തിമറിച്ചിട്ടു. ആറളം മണത്തണ മലയോര ഹൈവേയുടെ ഇരുവശങ്ങളിലുമായാണ് മൂസയുടെ കൃഷിയിടം സ്ഥിതിചെയ്യുന്നത്.
ആദ്യം വാഴകൾ നശിപ്പിച്ച ശേഷം ഹൈവേ മുറിച്ചുകടന്ന് പുരയിടത്തിലെത്തിയാണ് തെങ്ങും പ്ലാവും നശിപ്പിച്ചത്. ആറളം ഫാമിൽനിന്ന് ആറളം പുഴ കടന്നാണ് ആനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധിതവണ കാട്ടാനകൾ മുഴക്കുന്ന് പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ ജനവാസകേന്ദ്രങ്ങളിൽ എത്തിയിരുന്നു. കാട്ടാനപ്പേടിയിൽ രാത്രി പുറത്തിറങ്ങാൻ കഴിയാതെ ഭീതിതമായ അന്തരീക്ഷത്തിലാണ് മേഖലയിലെ ജനങ്ങൾ കഴിയുന്നത്.
മുഴക്കുന്നിൽ വീണ്ടും കാട്ടാനയിറങ്ങി; വിളകൾ നശിപ്പിച്ചു
ആനക്കൂട്ടം കുത്തിവീഴ്ത്തിയ പ്ലാവ്.