ഇരിട്ടി: നഗരം മുഴുവൻ ശുചീകരണത്തിന് നഗരസഭയും ആരോഗ്യവകുപ്പും ഊർജിതശ്രമങ്ങൾ നടത്തുമ്പോൾ നഗരസഭാ ബസ്‌ സ്റ്റാൻഡിലെ ശൗചാലയത്തിൽനിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ഒഴുക്കുന്നത് പഴശ്ശി പദ്ധതിയിലേക്ക് വെള്ളമെടുക്കുന്ന പുഴയിലേക്ക്.

പ്രദേശം ദുർഗന്ധപൂരിതമായപ്പോൾ ശുചീകരണത്തിനായി വടിയെടുക്കുന്ന നഗരസഭാ ആരോഗ്യ വിഭാഗം കുറ്റംചുമത്തിയത് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ. നഗരസഭയുടെ പുതിയ ബസ് സ്റ്റാൻഡ്‌ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്നാണ് മലിനജലം പുഴയിലേക്ക് പതിക്കുന്നതെന്നായിരുന്നു ആരോപണം. മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ വെള്ളിയാഴ്ച അടച്ചിടാനും നിർദേശിച്ചു. വ്യാപാരികൾ നഗരസഭയുടെ വാദത്തെ എതിർത്തെങ്കിലും വെള്ളിയാഴ്ച കടകൾ അടച്ചിട്ടപ്പോഴാണ് അധികാരികൾക്ക് സത്യം തിരിച്ചറിയാനായത്.

നഗരസഭയുടെ ശൗചാലയത്തിൽനിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ടാങ്ക് നിറഞ്ഞ് നേരെ പുഴയിലേക്കാണ് പതിക്കുന്നതെന്ന് ഇവർ കണ്ടെത്തി. നേരത്തെയും ഇത്തരത്തിൽ പരാതി ഉയർന്നപ്പോഴും വ്യാപാരസ്ഥാപനങ്ങളെ പഴിചാരി അധികൃതർ രക്ഷപ്പെടുകയായിരുന്നു. ലക്ഷങ്ങൾ മുടക്കി ഷോപ്പിങ് കോംപ്ലക്സുകൾ പണിത് ഹോട്ടൽ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾക്കായി വാടകയ്ക്ക് നൽകിയതല്ലാതെ അവിടെന്നിന്നും ഉണ്ടാകുന്ന മലിനജലം ഒഴുക്കിവിടുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയിരുന്നില്ല.

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപരസ്ഥാപനങ്ങളിലെ മുഴുവൻ മാലിന്യങ്ങളും നീക്കുന്നതിന് നഗരസഭാ ആരോഗ്യവിഭാഗം ഊർജിതശ്രമം നടത്തുന്നതിനിടയിലാണ് നഗരസഭയുടെ ഭാഗത്തുനിന്നും പുഴമലിനീകരണ പ്രവർത്തനം നടത്തുന്നത്. നഗരസഭയുടെ പഴയ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനും അടഞ്ഞുകിടക്കുന്നതിനാൽ സ്ത്രീകളും മറ്റും ഏറെ പ്രയാസം അനുഭവിക്കുകയാണ്‌. നിരവധി സ്ത്രീകൾ ജോലിചെയ്യുന്ന നഗരത്തിലെ ഒട്ടുമിക്ക ഷോപ്പിങ് കോംപ്ലക്സുകളിലും മൂത്രപ്പുര പോലുമില്ല. ഇവരെല്ലാം നഗരസഭാ ശൗചാലയത്തെയാണ് ആശ്രയിക്കുന്നത്. കക്കൂസ് മാലിന്യങ്ങൾ പുഴയിലേക്ക് കലരുന്നത് തടയാൻ നടപടിയെടുക്കുമെന്നും സംഭവം പരിശോധിക്കുമെന്നും നഗരസഭാധ്യക്ഷൻ പി.പി.അശോകൻ പറഞ്ഞു.