ഇരിട്ടി: ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ അലയൊലികൾ ഇരിട്ടി നഗരസഭയിൽ യു.ഡി.എഫിനേയും ബി.ജെ.പിയേയും പിടിവിട്ടില്ല. നഗരസഭയിലെ ആട്യലം വാർഡിൽ നടന്ന ഉപതിരഞ്ഞടുപ്പിൽ എൽ.ഡി.എഫ്. സീറ്റ് നിലനിർത്തിയതിനൊപ്പം ഭൂരിപക്ഷം കുത്തനെ ഉയർത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ പോലും നേടാൻ യു.ഡി.എഫിനും ബി.ജെ.പിക്കും കഴിഞ്ഞില്ല. എൽ.ഡി.എഫിൽ സി.പി.എമ്മിലെ കെ.അനിതയ്ക്ക് 460 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫിലെ പി.എൻ.രത്നമണിക്ക് 207 വോട്ടും ബി.ജെ.പി.യിലെ കെ.സി.ലിജിനമോൾക്ക് 44 വോട്ടുമാണ് ലഭിച്ചത്.
കഴിഞ്ഞതവണയും യു.ഡി.എഫ്. സ്ഥാനാർഥി പി.എൻ.രത്നമണിയായിരുന്നു. അന്ന് 253 വോട്ടുനേടാൻ കഴിഞ്ഞെങ്കിൽ ഇത്തവണ 46 വോട്ടിന്റെ ചോർച്ച സംഭവിച്ചു. ബി.ജെ.പി. സ്ഥാനാർഥിക്ക് കഴിഞ്ഞ തവണ ലഭിച്ച 63 വോട്ട് 44 ആയി ചുരുങ്ങി. എൽ.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ച 413 വോട്ട് 460 ആയി ഉയർന്നു. ഇതൊടൊപ്പം ഭൂരിപക്ഷവും കൂത്തനെ ഉയർന്നു. കഴിഞ്ഞതവണത്തെ 155 വോട്ടിന്റെ ഭൂരിപക്ഷം 253 ആക്കി ഉയർത്താനും കഴിഞ്ഞു.
വാർഡ് നിലനിർത്തിയതിലൂടെ എൽ.ഡി.എഫിന് നഗരസഭാ ഭരണത്തിൽമേലുള്ള ഭീഷണിയേയും ഒരു പരിധിവരെ ചെറുക്കാൻ സാധിച്ചു. 33 അംഗ ഭരണസമിതിയിൽ വാർഡ് നഷ്ടപ്പെട്ടിരുന്നുവെങ്കിൽ എൽ.ഡി.എഫിന്റെ അംഗബലം 12 ആയി ചുരുങ്ങുമായിരുന്നു. വിജയത്തിൽ ആഹ്ലാദിച്ച് എൽ.ഡി.എഫ്. പ്രവർത്തകർ പ്രകടനം നടത്തി. നേതാക്കളായ കെ.ശ്രീധരൻ, പി.പി.അശോകൻ, പി.പി.ഉസ്മാൻ, എ. നാരയാണൻ ആട്യലം, രാജീവൻ എന്നിവർ നേതൃത്വം നൽകി.