ശ്രീകണ്ഠപുരം: സജീവ് ജോസഫ്, കെ.വി. സുമേഷ്, സണ്ണി ജോസഫ്. ഇത്തവണ തിഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരിക്കൂർ നിയോജകമണ്ഡലത്തിന് കിട്ടിയത് മൂന്ന് എം.എൽ.എമാരെ. മൂന്നുപേരും ഇരിക്കൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ജനിച്ചുവളർന്നവരാണ്. ഇതിൽ സണ്ണി ജോസഫ് നിലവിൽ പേരാവൂർ മണ്ഡലത്തിലാണ് താമസമെങ്കിലും മറ്റ് രണ്ടുപേരുടെയും വീട് ഇരിക്കൂർ മണ്ഡലത്തിൽ തന്നെയാണ്.

നിയുക്ത ഇരിക്കൂർ എം.എൽ.എ. സജീവ് ജോസഫ് ഉളിക്കൽ പഞ്ചായത്തിലെ മുണ്ടാന്നൂരിലാണ് താമസം. 1977-ൽ ഇരിക്കൂർ മണ്ഡലത്തിൽനിന്ന്‌ വിജയിച്ച കൊയ്യം സ്വദേശി പരേതനായ സി.പി. ഗോവിന്ദൻ നമ്പ്യാർക്ക് ശേഷം മണ്ഡലത്തിൽതന്നെ താമസിക്കുന്നൊരാൾ എം.എൽ.എ.യാകുന്നത് ഇപ്പോഴാണ്.

ഇരിക്കൂറിനെ പ്രതിനിധാനചെയ്തിരുന്ന കെ.സി. ജോസഫിന്റെ പിൻഗാമിയായി തിളക്കമാർന്ന വിജയത്തോടെയാണ് സജീവ് നിയമസഭയിലേക്ക് പോകുന്നത്. എൽ.ഡി.എഫിലെ സജി കുറ്റ്യാനിമറ്റത്തിനെതിരെ 10010 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സജീവിന്റെ വിജയം.

സംസ്ഥാനത്ത് എല്ലാവരും ഉറ്റുനോക്കിയ അഴീക്കോട് മണ്ഡലത്തിലെ പോരാട്ടത്തിൽ കെ.എം. ഷാജിയെ അട്ടിമറിച്ച കെ.വി. സുമേഷിന്റെ പ്രവർത്തനമണ്ഡലവും സ്വദേശവും ഇരിക്കൂർ തന്നെയാണ്. ചെങ്ങളായി പഞ്ചായത്തിലെ നെല്ലിക്കുന്ന് സ്വദേശിയാണ് ഇദ്ദേഹം. 6141 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം. ഷാജിയെ കെ.വി. സുമേഷ് പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന സുമേഷ് ചെങ്ങളായി പഞ്ചായത്ത് ഉൾപ്പെടുന്ന പരിയാരം ഡിവിഷനിൽനിന്നാണ് വിജയിച്ചത്. ഇരിക്കൂർ എം.എൽ.എ.യായിരുന്ന സി.പി. ഗോവിന്ദൻ നമ്പ്യാർക്ക് ശേഷം ചെങ്ങളായി പഞ്ചായത്തിൽനിന്ന്‌ എം.എൽ.എ.യാകുന്നയാൾകൂടിയാണ് സുമേഷ്.

കുറച്ചുവർഷമായി ഇരിട്ടി കടത്തുംകടവിലാണ് താമസിക്കുന്നതെങ്കിലും പേരാവൂർ എം.എൽ.എ. സണ്ണി ജോസഫും ഇരിക്കൂർ മണ്ഡലത്തിലുൾപ്പെടുന്ന ഉളിക്കൽ പഞ്ചായത്തിലെ പുറവയൽ സ്വദേശിയാണ്. പുറവയലിലെ വടക്കേതുരത്തേൽ വീട്ടിലാണ് സണ്ണി ജോസഫ് ഏറെക്കാലം താമസിച്ചത്. ഇത്തവണ ഇടതുതേരോട്ടത്തിലും പേരാവൂറിലെ യു.ഡി.എഫിനൊപ്പം നിർത്താനായതിന്റെ ആശ്വാസത്തിലാണ് സണ്ണി ജോസഫ്. 3172 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിലെ കെ.വി. സക്കീർ ഹുസൈനെ പരാജയപ്പെടുത്തിയത്.

ജോൺ ബ്രിട്ടാസ് രാജ്യസഭാംഗമായതോടെ ഇരിക്കൂർ മണ്ഡലത്തിന് ഒരു എം.പി. കൂടിയായി. നടുവിൽ പുലിക്കുറുമ്പ സ്വദേശിയാണ് ബ്രിട്ടാസ്.