കൂത്തുപറമ്പ്: ചെണ്ടയാട് നവോദയ കേന്ദ്രീയവിദ്യാലയത്തിനടുത്തും പൂവത്തൂർ നമ്പൂരിക്കുന്നിലും അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളിൽ റവന്യൂ സ്ക്വാഡ് പരിശോധനനടത്തി. മുപ്പതോളം ക്വാറികളിൽ വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. തലശ്ശേരി സബ് കളക്ടർ ആസിഫ് കെ. യൂസഫിന്റെ നിർദേശപ്രകാരം തലശ്ശേരി തഹസിൽദാർ എസ്.രാജശേഖരൻ, ഭൂരേഖ തഹസിൽദാർ ടി.കെ.മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒരു ജെ.സി.ബി., ഒരു ടിപ്പർ ലോറി, രണ്ട് ടോറസ് ലോറി, ഒൻപത് മഹീന്ദ്ര ലോറികൾ എന്നിവ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. റെയ്‌ഡിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ വി.ബാബുരാജ്, വി.മനോജ്, എ.പ്രേമാനന്ദൻ, ചെറുവാഞ്ചേരി വില്ലേജ് ഓഫീസർ രതീഷ്‌കുമാർ, സീനിയർ ക്ലർക്കുമാരായ കെ.ഷാജി, കെ.അനൂപ്‌കുമാർ, ബി.ആർ.രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.