തലശ്ശേരി: കനത്തമഴ രണ്ടാംദിവസവും തുടർന്നതോടെ ശനിയാഴ്ച പലയിടത്തും റോഡുകൾ വെള്ളത്തിലായി. ചിലയിടത്ത് വീടുകളിൽ വെള്ളംകയറി. ഒട്ടേറെ സ്ഥലങ്ങളിൽ വീടുകളുടെ മുറ്റം വെള്ളത്തിൽമുങ്ങി. മഞ്ഞോടിക്കവല, കണ്ണിച്ചിറയ്ക്കും കോടിയേരി ട്രാൻസ്‌ഫോർമറിനും ഇടയിലുള്ള റോഡ്, കണ്ണിച്ചിറ-പുതിയ റോഡ്, പുല്ലമ്പിൽ റോഡ്, കുയ്യാലിക്കടുത്തുള്ള ഗുഡ്‌സ്‌ഷെഡ് റോഡ് എന്നീ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. ഉച്ചവരെ ഗതാഗതം തടസ്സപ്പെട്ടു. കണ്ണിച്ചിറയ്ക്ക് സമീപം കോടിയേരി റോഡിലും ഇല്ലത്തുതാഴെ റോഡിലും 100 മീറ്ററോളം വെള്ളത്തിൽ മുങ്ങിക്കിടന്നു. കുട്ടിമാക്കൂൽ റോഡിലും കണ്ണിച്ചിറയ്ക്ക് സമീപവും വെള്ളക്കെട്ടുണ്ടായി. രാവിലെ ഇരുചക്രവാഹനങ്ങൾ കടന്നുപോകാനാകാത്തവിധം റോഡ് മുങ്ങിയിരുന്നു. ഉച്ചയ്ക്കുശേഷം ഇരുചക്രവാഹനങ്ങളുമായി സഞ്ചരിച്ച ഒട്ടേറെ പേർ കുഴികളിൽ കുടുങ്ങുകയും വെള്ളത്തിൽവീണ് വാഹനം തകരാറിലാവുകയുംചെയ്തു. വെള്ളത്തിൽമുങ്ങിയ റോഡുകളിൽ കുഴികളിലോ ഓവുചാലുകളിലോ കുടുങ്ങുമെന്ന ആശങ്കയിൽ അരികുവശത്തുകൂടി വാഹനമോടിക്കാൻ പലരും മടിച്ചു. ഇതുകാരണം ഗതാഗതക്കുരുക്ക് തുടർന്നു.

ഈഭാഗങ്ങളിൽ തോടിനും വയലിനും സമീപത്തെ വീടുകളുടെ മുറ്റത്താണ് വെള്ളംകയറിയത്. കടകളുടെയും സ്ഥാപനങ്ങളുടെയും മുന്നിൽ വെള്ളമെത്തി. കുയ്യാലിയിലാണ് വീടുകളിൽ വെള്ളംകയറിയത്. ഇല്ലിക്കുന്ന് ചിറമ്മൽ റോഡിലെ ദാറുൽ ഖൈർ ടി.കെ.സുഹ്റയുടെ വീടിന്റെ അടുക്കളഭാഗം ശക്തമായ മഴയിൽ നിലംപൊത്തി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അടുക്കളയുടെ മുകളിൽ സ്ഥാപിച്ച ജലസംഭരണിയും തകർന്നു.

മഞ്ഞോടി കവലയും പുല്ലമ്പിൽ റോഡും വെള്ളംമൂടി

മഞ്ഞോടി കവലയ്ക്ക് സമീപം പുല്ലമ്പിൽ റോഡ് തുടർച്ചയായി രണ്ടാംദിവസവും വെള്ളത്തിൽ മുങ്ങിക്കിടന്നു. വെള്ളിയാഴ്ച ഈ റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം വലിയ വാഹനങ്ങൾക്ക് കടന്നുപോകാനായി. കുറച്ചുവർഷങ്ങളായി ഒരുമണിക്കൂർ കനത്ത മഴപെയ്താൽ ഈ റോഡ് വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോയ കുട്ടികളുടെ വാഹനത്തിന് തിരികെ വരാനായില്ല. അസുഖമായി ചികിത്സതേടുന്നവരും ഇതുകാരണം ബുദ്ധിമുട്ടിലായി. മഞ്ഞോടിക്കവലയിൽ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡുവരെ വെള്ളത്തിൽ മുങ്ങി. ഉച്ചയോടെ ഓവുചാലിൽനിന്ന് മാലിന്യവും മണ്ണും നീക്കിയത് ഗതാഗതത്തിന് ആശ്വാസമായി. മൂന്ന് വർഷമായി ഗുഡ്‌സ്‌ഷെഡ് റോഡിൽ ചേറ്റംകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെള്ളക്കെട്ടാണ്. ഒ.വി.റോഡ് നവീകരണം നടക്കുന്നതിനാൽ കൊടുവള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകേണ്ടത് ഈ റോഡിലൂടെയാണ്. ഈ ഇടുങ്ങിയ റോഡിൽ വെള്ളക്കെട്ടുകൂടിയായപ്പോൾ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി.

ബൈപ്പാസ് പണിയും കാരണമായി

തോടുകളും വയലുകളും നികത്തിയ സ്ഥലങ്ങളിലും ഓവുചാലുകൾ യഥാസമയം വൃത്തിയാക്കാത്ത ഭാഗങ്ങളിലുമാണ് വെള്ളക്കെട്ടുണ്ടായതെന്നാണ് പരാതി. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് പണിയുടെ ഭാഗമായി പ്രദേശത്തിനുണ്ടായ മാറ്റവും ഇതിന് കാരണമായി. മണ്ണിടിക്കുകയും തോടുകളിലേക്കും വയലുകളിലേക്കും വെള്ളമൊഴുകിപ്പോകുന്നത് തടസ്സപ്പെട്ടതുമാണ് ഇപ്പോഴുണ്ടായ വെള്ളക്കെട്ടിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് മുൻകൂട്ടിക്കണ്ട് നഗരസഭയിൽ കരാർ പ്രതിനിധികളുടെയും കൗൺസിലർമാരുടെയും യോഗം വിളിച്ചിരുന്നു. പ്രാഥമിക നടപടികൾ തുടങ്ങിയിരുന്നെങ്കിലും അതൊന്നും ഫലംകണ്ടില്ല. നീർച്ചാലുകൾ അടച്ച് വലിയ മതിലുകളും കെട്ടിടങ്ങളും മറ്റും നിർമിച്ചതും വെള്ളക്കെട്ടിനിടയാക്കി.