തളിപ്പറമ്പ്: വെള്ളിയാഴ്ച ഉച്ചയ്ക്ക് തളിപ്പറമ്പിലും സമീപ പഞ്ചായത്തുകളിലും വീശിയടിച്ച ശക്തമായ കാറ്റും മഴയും നാശംവിതച്ചു. നഗരത്തിലെ ചില സ്ഥാപനങ്ങളുടെ ബോർഡുകളും മേൽക്കൂരയുടെ ഷീറ്റുകളും കാറ്റിൽ പറന്നുവീണു. മന്ന സഹകരണ ആസ്പത്രിക്കുസമീപം സംസ്ഥാനപാതയോരത്തെ കെട്ടിടത്തിനുമുകളിൽ ഇരുമ്പുകമ്പികളിൽ ഉറപ്പിച്ച ടിൻഷീറ്റുകൾ കാറ്റിൽ ഇളകി പറന്ന് സമീപത്തെ പറമ്പിൽ വീണു. വൻ അപകടമാണ് ഒഴിവായത്. രണ്ട്‌ കാറുകൾക്ക് കേടുപാടുപറ്റി. ആളപായമില്ല. ഇതിനുസമീപംതന്നെ സ്ഥാപിച്ച ട്രാൻസ്ഫോർമറിന്‌ കേടുപറ്റി.

തൂണിൽ ഉറപ്പിച്ച ട്രാൻസ്ഫോർമർ താഴെവീണു. മന്ന-കരിമ്പം ഭാഗത്തെ വൈദ്യുതക്കമ്പികൾ പലതും പൊട്ടിവീണു. സെയ്ദുനഗർ, സർ സയ്യിദ് കോളേജിനുസമീപം, പൂമംഗലം തുടങ്ങിയ സ്ഥലങ്ങളിലും മരംപൊട്ടിവീണ്‌ വൈദ്യുതിബന്ധം നിലച്ചു. ടൗണിൽ വീശിയടിച്ച കാറ്റിൽ പൂക്കോത്തുതെരു കൊട്ടാരത്തിന്‌ സമീപം കടിച്ചി നാരായണന്റെ വീടിനുമുകളിൽ മരംപൊട്ടിവീണ് ഭാഗിക നാശനഷ്ടമുണ്ടായി. തൃച്ചംബരം ക്ഷേത്രം റോഡരികിൽ മരംപൊട്ടിവീണ് വൈത്യുതത്തൂൺ തകർന്നു. ഉണ്ടപ്പറമ്പ്, കണ്ടിവാതുക്കൽ, കരിപ്പൂൽ, അരിയിൽ, പട്ടുവം, കുന്നരു, ചാലത്തൂർ, വെള്ളിക്കീൽ, കീഴാറ്റൂർ, മുതുകുട, പറപ്പൂൽ, പേത്തടം തുടങ്ങിയ പ്രദേശങ്ങളിലും മരം പൊട്ടിവീണും മറ്റും വൈദ്യുതിബന്ധം തകരാറിലായി. വൈകീട്ട് ഏഴോടെയാണ് തളിപ്പറമ്പ് ടൗണിലും പരിസരത്തും വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായത്.