തലശ്ശേരി: ചൊവ്വാഴ്ച സംയുക്ത സമരസമിതി നടത്തിയ ഹർത്താലിന്റെ ഭാഗമായി 16 എസ്.ഡി.പി.ഐ. പ്രവർത്തകരെ പിടികൂടി കരുതൽ തടങ്കലിൽ വെച്ചു. നഗരത്തിൽ ഹർത്താൽ പൂർണമായിരുന്നു. പുതിയ ബസ്‌ സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലുമായി ഹർത്താലിന്റെ ഭാഗമായി വാഹനം തടയാൻ തയ്യാറെടുത്തവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെയായിരുന്നു സംഭവം. മുദ്രാവാക്യം മുഴക്കി പുതിയ ബസ്‌ സ്റ്റാൻഡിലെത്തിയവർ ട്രാക്കിൽ നിർത്തിയിട്ട പാനൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ് തടയാൻ ശ്രമിച്ചപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

രാവിലെ പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തെ കടകൾ അടപ്പിക്കാൻ ശ്രമിച്ചവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഹർത്താൽ അവസാനിച്ചശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ടെമ്പിൾ വാർഡിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസ്സുകൾ സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി. സർവീസുകളെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. ദീർഘദൂര സർവീസുകളും കണ്ണൂരിനും തലശ്ശേരിക്കുമിടയിലുള്ള കെ.എസ്.ആർ.ടി.സി. സർവീസുകളും പതിവുപോലെ നടത്തി.