ഇരിട്ടി: ഹർത്താൽ മലയോരമേഖലയിൽ ഭാഗികമായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങളും ഉണ്ടായി. വാഹനങ്ങൾക്കുനേരെയുണ്ടായ കല്ലേറിൽ പിഞ്ചുകുഞ്ഞ് അടക്കം ആറ്ുപേർക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങൾ ഭാഗികമായി എറിഞ്ഞുതകർത്തു. ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ ഉളിയിൽ കുന്നിൻകീഴിൽ ടിപ്പർ ലോറിയുടെ ഗ്ലാസ് എറിഞ്ഞുതകർത്തു. വാഹനത്തിന്റെ താക്കോൽ ഹർത്താലനുകൂലികൾ ഊരിക്കൊണ്ടുപോയി. ക്രഷർ ഉത്‌പന്നം കയറ്റിയ ലോറിയുടെ ഗ്ലാസാണ് എറിഞ്ഞുതകർത്തത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പുന്നാട് ആർ.എസ്.എസ്. പ്രവർത്തകന് മർദനമേറ്റു. ആർ.എസ്.എസ്. മണ്ഡലം സഹ കാര്യവാഹ് സി.പി.ഷിനോജിനാണ് മർദനമേറ്റത്. ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിൽസയിലാണ്. ഹർത്താൽ അനുകൂലികൾ ബൈക്ക് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്ന് ഷിനോജ് പറഞ്ഞു. ബൈക്കും തകർത്തു. മേഖലയിൽ സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിനുപിന്നിലെന്ന് ആർ.എസ്.എസ്. നേതൃത്വം ആരോപിച്ചു

കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ വാഹനത്തിനുനേരെ ചാവശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം കല്ലേറുണ്ടായി. അഞ്ചുപേർക്ക് പരിക്കേറ്റു. മൂന്നര വയസ്സുള്ള കുട്ടിയുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

വിമാനത്താവളത്തിൽനിന്ന്‌ ബന്ധുവിനെയുംകൂട്ടി വിളക്കോട് ഊവ്വാപള്ളിയിലെ വീട്ടിലേക്ക് വരികയായിരുന്ന കുടുംബത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. കല്ലേറിൽ വാഹനത്തിന്റെ മുന്നിലായിരുന്ന വിദേശത്തുനിന്നെത്തിയ ഊവ്വാപള്ളി സ്വദേശി ഷിനിത്തിന്റെ മുഖത്തും, ചില്ലുകൾ തെറിച്ച് ആറളം സ്വദേശി വിജേഷ്, ഭാര്യ ചിഞ്ചു, മകൻ മൂന്നരവയസ്സുകാരൻ കാർത്തിക്, ഷിജിത്തിന്റെ ഭാര്യ സിമി എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവർ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സതേടി.

പരീക്ഷകൾ ഉള്ളതിനാൽ ടൗണിൽ എത്തിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വാഹനംകിട്ടാതെ വലഞ്ഞു. കെ.എസ്.ആർ.ടി.സി. ബസ് പോലീസ് സംരക്ഷണത്തിൽ ഓടി. ഇരിട്ടി നഗരങ്ങളിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നെങ്കിലും ഗ്രാമങ്ങളിൽ ഹർത്താൽ കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. സ്വകാര്യബസ്സുകൾ ഒഴിച്ച് മറ്റുവാഹനങ്ങൾ ഓടി.

കർണാടകയിൽനിന്ന്‌ എത്തിയ ബസ്സുകൾ ഇരിട്ടിയിൽ സർവീസ് അവസാനിപ്പിച്ചു. ഇരിട്ടി-മട്ടന്നൂർ റൂട്ടിലെയും ഇരിട്ടി-പേരാവൂർ റൂട്ടിലെയും ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു. പോലീസെത്തിയാണ് ഹർത്താലനുകൂലികളെ പിന്തിരിപ്പിച്ചത്. നരയംപാറയിൽ റോഡിൽ ടയർ കൂട്ടിയിട്ട് തീയിട്ടു.