കണ്ണൂർ: നിറനൂലുകളും ചന്ദ്രലേഖയുടെ കൈവേഗവും തമ്മിൽ ഇഴപിരിയാത്ത ബന്ധം തുടങ്ങിയിട്ട് ഒന്നും രണ്ടുമല്ല പത്തിലേറെ വർഷങ്ങളായി. ഈ വിരലുകളാൽ നൂലുകൾ കോർക്കുമ്പോൾ തുണിത്തരങ്ങളിൽ തളിർക്കുന്നതാകട്ടെ മുച്ചിലോട്ട് ഭഗവതിമുതൽ മാതൃഭൂമി പത്രം വരെ.

തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി ചന്ദ്രലേഖ ഉമേഷ് ക്രോഷ്യ എന്ന ഈ പ്രത്യേകതരം തുന്നൽവിദ്യ കൈവശപ്പെടുത്തിയത് പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ഉമേഷിനൊപ്പമുള്ള അരുണാചൽ പ്രദേശിലെ ജീവിതകാലത്താണ്. ഒഴിവുസമയങ്ങളിൽ സുഹൃത്തുക്കളിൽനിന്നും പഠിച്ചെടുത്ത ക്രോഷ്യ തുന്നൽരീതി നാട്ടിൽ തിരിച്ചെത്തിയപ്പോഴും കൂടെ കൊണ്ടുവന്നു ഇവർ.

മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായി യന്ത്രസഹായമില്ലാതെ കൈകൾകൊണ്ടുമാത്രം തുന്നുന്ന ചന്ദ്രലേഖ ഇന്ന് കീച്ചെയിൻ, മൊബൈൽ പൗച്ച്, സോക്സ്, ഹെയർ ബാൻഡ്, ചെറുതും വലുതുമായ ഉടുപ്പുകൾ തുടങ്ങി നിരവധി ഉത്പ്പന്നങ്ങളാണ് നിർമ്മിച്ച് വിപണനംനടത്തുന്നത്.

50 ഗ്രാമിന് 120 രൂപ വിലയുള്ള ഗുണമേന്മയുള്ള നൂലുകൾ ഉപയോഗിച്ച് നെയ്തെടുക്കുന്ന ഉത്പന്നങ്ങൾക്ക് 100 മുതൽ 3000 വരെയാണ് വില. കൂടാതെ ചിത്രത്തുന്നലുകളാൽ തീർത്ത ചുമർചിത്രങ്ങളും ഇവരുടെ പ്രത്യേകതയാണ്.

കണ്ണൂർ ചേംബർ ഹാളിൽ ചന്ദ്രലേഖയുടെ കരവിരുതുകളെല്ലാം ചേർത്ത് ജനുവരി അഞ്ച്, ആറ് ദിവസങ്ങളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്. മകൾ ലക്ഷ്മിശ്രീ വരച്ച ചിത്രങ്ങളും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അഞ്ചിന് രാവിലെ 10.30-ന് പി.കെ.ശ്രീമതി എം.പി. പ്രദർശനം ഉദ്ഘാടനംചെയ്തു. .