നടുവിൽ: കാലവർഷത്തിൽ ഉരുൾപൊട്ടലുണ്ടായത് പാറമടകളോട് ചേർന്ന സ്ഥലങ്ങളിൽ. നടുവിൽ പഞ്ചായത്തിലെ മുന്നൂർകൊച്ചി, പുല്ലംവനം, നൂലിട്ടാമല എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ആലക്കോട് പഞ്ചായത്തിലെ മേലാരംതട്ടിലും ശക്തമായ ഉരുൾപൊട്ടലുണ്ടായി. നൂലിട്ടാമലയിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരമേ ഇവിടേക്കുള്ളൂ.

പാത്തൻപാറ നൂലിട്ടാമലയിൽ പ്രവർത്തിക്കുന്ന വൻകിട പാറമടയുടെയും ക്രഷറിന്റെയും സമീപത്താണ് ഈ രണ്ട് കുന്നുകളും. ക്രഷർ നടത്തിപ്പുകാർ പ്രദേശത്തെ ഭൂമി മുഴുവൻ വാങ്ങിക്കൂട്ടിയതിനാലാണ് ആളപായവും കൃഷിനാശവും ഇല്ലാതിരുന്നത്. ആൾത്താമസമില്ലാത്ത, കാടുകയറി കിടക്കുന്ന സ്ഥലങ്ങളാണ് ഏറെയും.

നാട്ടുകാർ കോടതിയെ സമീപിച്ചതിനെത്തുടർന്ന് പാറമട പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ വീണ്ടും ഖനനം തുടങ്ങിയിട്ട്. കഴിഞ്ഞ മഴക്കാലത്ത് പാറമടയോട് ചേർന്ന് ഏക്കർ കണക്കിന് സ്ഥലത്തെ മണ്ണിടിഞ്ഞതാണ്.

പുല്ലം വനത്ത് ഉരുൾപൊട്ടിയത് മഞ്ഞുമല പാറമടയോട് ചേർന്നാണ്. അടുത്തകാലത്താണ് ഈ പാറമടയ്ക്ക് അധികൃതർ അംഗീകാരം കൊടുത്തത്. വിനോദസഞ്ചാരകേന്ദ്രമായ പാലക്കയം തട്ടും ഇതിനടുത്താണ്. ഒരു മലയുടെ മൂന്നുവശത്തും കരിങ്കൽ ഖനനം നടന്നുകഴിഞ്ഞു. ഇതേ മലയിൽ അവശേഷിക്കുന്ന ഭാഗത്ത് പുല്ലം വനത്ത് പാറമട തുടങ്ങാനുള്ള നീക്കം നാട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് നടക്കാതിരിക്കുന്നത്. ഇതിൽ കൈതളത്തെ പാറമട മാത്രമാണ് ഇപ്പോൾ ഇല്ലാത്തത്. കിഴക്കേ ചെരിവിൽ മാവുഞ്ചാലിൽ 25 വർഷത്തിലധികമായി കരിങ്കൽ ഖനനം നടക്കുന്നുണ്ട്. ഇവിടെ ക്രഷറും പ്രവർത്തിക്കുന്നു. ദിവസം ഇരുപത് ലോഡ് കരിങ്കല്ലെങ്കിലും കൊണ്ടുപോകുന്നതായി നാട്ടുകാർ പറയുന്നു.

ടിപ്പറുകൾ ഓടുന്നതിനാൽ തകർന്ന റോഡാണ് പതിറ്റാണ്ടായി മാവുഞ്ചാലിലേക്കുള്ളത്. കഴിഞ്ഞവർഷം ഇവിടെയും ഉരുൾപൊട്ടുകയുണ്ടായി.

ഇതിൽ മുന്നൂർകൊച്ചി മലയിലാണ് പാറമടയില്ലാത്തത്. എന്നാൽ, കരാമരം തട്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വലിയ തോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ വർഷങ്ങളായി നടന്നുവരുന്നുണ്ട്.

പാറമടകൾക്കുള്ളിലേക്ക് പ്രവേശനവിലക്ക്

പാറമടകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലേക്ക് നാട്ടുകാർക്കോ മറ്റുള്ളവർക്കോ പ്രവേശനമില്ല. നൂറ്ു കണക്കിനേക്കർ സ്ഥലത്തിനുള്ളിലാണ് ഇവയുടെ പ്രവർത്തനം. ചുറ്റും മുള്ളുകമ്പിവേലികൾ കെട്ടിയിട്ടുണ്ട്. തൊഴിലാളികൾ അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. താമസസൗകര്യവും ആഹാരവും ഉൾപ്പെടെ പാറമട നടത്തിപ്പുകാരാണ് നൽകുന്നത്. പരാതി ഉള്ളവരുടെ സ്ഥലം മോഹവില നൽകി വാങ്ങുന്നതിനാൽ എതിർപ്പുകളും പൊതുവേ ഇല്ലാതായിട്ടുണ്ട്.

ശരിയായത് ഭൗമശാസ്ത്രവകുപ്പിന്റെ പഠനം

2017ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലാൻഡ് സ്ലൈഡ് ഡിവിഷൻ ഉരുൾപൊട്ടലും മണ്ണിടിച്ചലും ഉണ്ടാകുന്ന പ്രദേശങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. സർക്കാരിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഭൗമശാസ്ത്രജ്ഞരായ എൻ.ത്രിദീപ്കുമാർ, വാഗരാജ് കുമാർ, ലിമ്പ് രാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കരാമരംതട്ട്, മാവുഞ്ചാൽ, വഞ്ചിയം, മുന്നൂർ കൊച്ചി, പുറത്തൊട്ടി, മേലാരംതട്ട്, വൈതൽക്കുണ്ട്, അരീക്കമല, തുരുമ്പി, നൂലിട്ടാമല, ഫർലോങ്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചലിനോ ഉരുൾപൊട്ടലിനോ സാധ്യതയുണ്ട് എന്നായിരുന്നു പഠനറിപ്പോർട്ടിൽ പറഞ്ഞിരുന്നത്.