കണ്ണൂർ: പയ്യന്നൂരിലെ ആനന്ദതീർഥാശ്രമമുറ്റത്ത് ഗാന്ധിജി നട്ട മാവ് ഇന്നും പടർന്നുപന്തലിച്ചുനില്കുന്നു. കാലം തെറ്റാതെ പൂക്കുന്നു, കായ്ക്കുന്നു, തളിർക്കുന്നു. പയ്യന്നൂർ-അന്നൂർ റോഡരികിലാണ് ആനന്ദതീർഥർ സ്ഥാപിച്ച ആശ്രമം. ഇവിടെയാണ് 1931-ൽ സ്വാമി ആനന്ദതീർഥർ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ആശ്രമവളപ്പിൽത്തന്നെ ശ്രീനാരായണ വിദ്യാലയം സ്ഥിതിചെയ്യുന്നു.

1934-ൽ മഹാത്മാഗാന്ധി ആശ്രമം സന്ദർശിച്ചപ്പോഴാണ് മാവ് നട്ടത്. ഇത് പിന്നീട് ഗാന്ധിമാവ് എന്ന പേരിൽ അറിയപ്പെട്ടു. ചരിത്രത്തോട് ചേർത്തുവെക്കപ്പെട്ട ഈ മാവ് വെള്ളമൊഴിച്ച് പരിപാലിച്ച് വളർത്തിയത് ആശ്രമത്തിലെ വിദ്യാർഥികളാണ്. തലമുറകളുടെ സ്നേഹപരിലാളനകളും ആദരവും ഏറ്റുവാങ്ങി ത്യാഗിവര്യരായ മഹാരഥന്മാരെ ഓർമിപ്പിച്ചുകൊണ്ട് ഈ മാവ് തലയുയർത്തിനില്ക്കുന്നു.

ഗാന്ധിമാവിനുമുന്നിൽത്തന്നെ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം സൂക്ഷിച്ച സ്മൃതിമണ്ഡപവുമുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ വീരസ്മരണകൾ തുടിക്കുന്ന പയ്യന്നൂരിന്റെ ചരിത്രമറിയാനെത്തുന്നവർക്ക് പുണ്യഭൂമിയാണ് മഹാത്മാവിന്റെ പവിത്രപാദം പതിഞ്ഞ ഈ മണ്ണ്.