കൂത്തുപറമ്പ്: വട്ടിപ്രം യു.പി. സ്കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ബുധനാഴ്ച ഉച്ചയോടെയാണ് ഭക്ഷണം കഴിച്ച ചില വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. നാനൂറോളം കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചതിൽ യു.പി. സ്കൂളിൽ പഠിക്കുന്ന 32 കുട്ടികൾക്കാണ് വയറുവേദനയും ചർദിയും ഉണ്ടായത്. തുടർന്ന് കൂത്തുപറമ്പ് താലൂക്കാസ്പത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.

അഞ്ചാംക്ലാസ് വിദ്യാർഥികളായ ഇ.ശ്രീനന്ദ (10), സി.സഞ്ജ്ന (10), കെ.ഹൃദ്യ (10), രണ്ടാം ക്ലാസ് വിദ്യാർഥിനി ദിയ സുമോദ് (7), ആറാംക്ലാസ് വിദ്യാർഥികളായ സി.നന്ദന (11), കെ.ശിവപ്രിയ (11), പി.കെ.ഹരിനന്ദ (11), ടി.നിഹിത (11) എന്നിവർക്ക് പ്രാഥമികശുശ്രൂഷ നൽകിയശേഷം നിരീക്ഷണത്തിൽ നിർത്തി. തുടർന്ന് വൈകീട്ടോടെ വീട്ടിലേക്ക് പറഞ്ഞയച്ചു. സ്കൂളിലെ അധ്യാപിക നിംനയും ചികിത്സതേടി. ചോറും സോയാബീൻ കറിയുമാണ് വിദ്യാർഥികൾ കഴിച്ചതെന്നാണ് വിവരം. ഇവയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതുന്നത്. ചികിത്സ തേടിയ എല്ലാവർക്കും ഒരേ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു.

ആരോഗ്യവകുപ്പധികൃതർ സ്കൂളിലെത്തി പരിശോധന നടത്തി. കൂത്തുപറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എ.ജയരാജ്, ബി.പി.ഒ. പി.പി.അജിത്കുമാർ എന്നിവർ ആസ്പത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു.

content highlights; food poisoning suspected, students and a teacher hospitalised