മയ്യിൽ: പ്രളയത്തിൽ കൃഷിനശിച്ചവർക്ക് നഷ്ടപരിഹാരം കിട്ടുന്നതിന് തടസ്സമായി പുതിയ ഉത്തരവ്. ഇതിനകം കർഷകർക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്ത് വിളതിരിച്ച് അപേക്ഷ തയ്യാറാക്കി ഓരോ കൃഷിഭവനും ജില്ലയിൽ സമർപ്പിച്ചതിനുശേഷം ഇറങ്ങിയ പുതിയ ഉത്തരവാണ് പൊല്ലാപ്പാകുന്നത്.

പുതിയ സ്മാർട്ട് ഗ്രിഡ് സോഫ്റ്റ്‌വേറിൽ കൃഷിനാശം സംബന്ധിച്ച വിവരം രേഖപ്പെടുത്തി നൽകാനാണ് പുതിയ ഉത്തരവ്. കർഷകർ നടപ്പു വർഷം ഒടുക്കിയ നികുതിയുടെ രശീതി സ്കാൻ ചെയ്ത് സോഫ്റ്റ്‌വേറിൽ നൽകുകയും വേണം. ഇങ്ങനെ ചെയ്യണമെങ്കിൽ ഒരു കർഷകന് മാത്രം ഏകദേശം അരമണിക്കൂർ ആവശ്യമായിവരും. പ്രളയബാധിതമേഖലയിലെ കൃഷിഭവനുകളിൽ ആയിരവും അതിലേറെയും അപേക്ഷകളാണ് നിലവിൽ സമർപ്പിച്ച പട്ടികയിലുള്ളത്. മിക്ക കൃഷിഭവനുകളിലും സ്കാനിങ് മെഷീനുകൾ ഇല്ലാത്തതും ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ അഭാവവും പ്രശ്നം രൂക്ഷമാക്കിയിരിക്കയാണ്.

രണ്ടാംവിള കൃഷിയിറക്കേണ്ട സമയമായതിനാൽ വീണ്ടും വിവരം നൽകൽ കൃഷിക്കാർക്കും ഉദ്യോഗസ്ഥർക്കും വലിയ പ്രയാസമാകും. സ്മാർട്ട് ഗ്രിഡ് എന്ന പേരിലുള്ള സോഫ്റ്റവേറിൽ ഒക്ടോബറിൽത്തന്നെ പട്ടിക പൂർത്തിയാക്കണമെന്നാണ് സംസ്ഥാന കൃഷി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നിറങ്ങിയ ഉത്തരവിലുള്ളത്. ആയിരത്തോളം കർഷകരുടെ ഡേറ്റകൾ എൻട്രി ചെയ്യാൻ ദിവസങ്ങളോളം വേണ്ടിവരുമെന്ന സ്ഥിതിയാണുള്ളത്.