ഇരിട്ടി: പ്രളയത്തിലും വെള്ളപ്പൊക്കത്തിലും നടുവൊടിഞ്ഞ മലയോരത്തെ വാണിജ്യ, വ്യാപാരമേഖലയെ കാർഷികമേഖലയിലെ പ്രതിസന്ധിയും പ്രതികൂലമായി ബാധിക്കുന്നു. പ്രളയത്തിൽ ഇരിട്ടി പുതിയ ബസ്‌സ്റ്റാൻഡ്‌ മുതൽ പയഞ്ചേരിമുക്ക് വരെയുള്ള കടകളിലാണ് വെള്ളം കയറിയത്. കോളിക്കടവ്, മാടത്തിൽ, വട്ട്യറ, പായം, ചെന്നലോട്, വള്ളിത്തോട് ടൗണിലെ കടകളിലും വെള്ളം കയറി സർവതും നഷ്ടപ്പെട്ടു.

വള്ളിത്തോട്ടിൽ 50 സ്ഥാപനങ്ങളിൽ വെള്ളം കയറി ഒരു കോടി എൺപത്തിയാറ്ു ലക്ഷത്തിന്റെ നാശനഷ്ടം നേരിട്ടു. വെള്ളത്തിൽ നശിച്ച വ്യാപരസ്ഥാപനങ്ങൾ സാധാരണനിലയിലെത്താൻ മാസങ്ങളെടുക്കും.

ചെറുകിട കച്ചവടക്കാരുൾപ്പെടെ ബാങ്ക് വായ്പകളെടുത്തും ഇതരമേഖലകളിൽനിന്ന് കടം വാങ്ങിയും സ്വരുക്കൂട്ടിയ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ക്വാറികളുടെയും ചെങ്കൽപ്പണകളുടെയും പ്രവർത്തനം സാധാരണ നിലയിലായിട്ടില്ല. ഇതുമൂലമുണ്ടാകുന്ന തൊഴിൽക്ഷാമം ഏറെ ബാധിച്ചത് വ്യാപാരികളെയാണ്.

ടൗണുകൾ െെവകീട്ടോടെ വിജനം

തുടർച്ചയായ മഴ കാരണം റബ്ബർ പാൽ ശേഖരിക്കാൻ കഴിയുന്നില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മൂന്നാഴ്ചയിലധികമായി തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. വാഴ, മരച്ചീനി, ചേമ്പ്, ചേന ഉൾപ്പെടെ വ്യാപകമായി നശിച്ചതിനാൽ ഇതുവഴിയുള്ള വ്യാപാരവും നടക്കുന്നില്ല. ടൗണുകളെല്ലാം വൈകീട്ടോടെ വിജനമാവുകയാണ്. 500 രൂപയുടെ കച്ചവടം നടക്കാത്ത സ്ഥാപനങ്ങൾ ഏറെയാണെന്നാണ് വ്യാപാരികൾ പറയുന്നത്. വെള്ളം കയറിയ കടകൾ പുനസ്ഥാപിക്കാൻ കുറെ വ്യാപാരികൾ കഷ്ടപ്പെടുമ്പോൾ കുറെപേർ നിലവിലുള്ളവ പൂട്ടിപ്പോകാതിരിക്കാൻ പെടാപ്പാട് പെടുകയാണ്

വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ വള്ളിത്തോട് മുതൽ ഇരിട്ടി പയഞ്ചേരിമുക്ക് വരെയുള്ള സ്ഥാപനങ്ങളിൽനിന്ന് നഷ്ടക്കണക്കും അപേക്ഷകളും സ്വീകരിച്ചു. 20 ലക്ഷത്തോളം രൂപ ആദ്യഘട്ട സഹായധനമായി സമിതി നേതാവ് ടി.നസിറുദീൻ വിതരണം ചെയ്തു. വ്യവസായ വാണിജ്യകേന്ദ്രം അധികൃതർ അതതിടങ്ങളിലെ കണക്കെടുപ്പും അപേക്ഷകളും വ്യാപാരികളിൽനിന്ന് സമാഹരിച്ചിട്ടുണ്ട്.