ഇരിട്ടി: മൂന്നുമാസമായി അഭയാർഥികളെപ്പോലെ ദുരിതാശ്വാസക്യാമ്പിൽ തുടരുകയാണ് കുടക് ജില്ലയിലെ നെല്യാഹുദിക്കേരിയിലെ 64 മലയാളി കുടുംബങ്ങൾ. സർക്കാർ സ്കൂളിന്റെ സിമന്റ് തറയിൽ വിരിച്ചാണ്‌ കിടത്തം. മൂന്നുനേരം ഭക്ഷണം ജില്ലാ ഭരണകൂടം നൽകുന്നുണ്ട്‌. എപ്പോൾ എങ്ങോട്ട്‌ തിരിച്ചുപോകാനാവുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല.

കുടകിലെ പ്രളയത്തിൽപ്പെട്ട്‌ സർവതും നഷ്‌ടപ്പെട്ടവരാണ്‌ മാസങ്ങളായി പുനരധിവാസക്യാമ്പിലുള്ളത്‌.

ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. കുടക്‌ ജില്ലയിലെ നെല്യാഹുദിക്കേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ മറിയ അന്നമ്മ, ലില്ലി മണി എന്നിവർ ക്യാമ്പ് നിവാസികളാണ്.

പലരുടെയും വീടുകൾ പൂർണമായുംതകർന്നു. കാവേരി പുഴ കരകവിഞ്ഞൊഴുകിയാണ് പ്രദേശത്തെ 450-ഓളം വീടുകളിൽ വെള്ളം കയറിയത്. പുഴയോരത്തെ പുറമ്പോക്ക് ഭൂമിയിലും മറ്റും അൻപത് വർഷത്തിലധികമായി കഴിയുന്ന കുടുംബങ്ങളുടെ വീടും കൃഷിയിടവുമൊക്കെയാണ് മലവെള്ളം കവർന്നത്. പ്രദേശംപോലും തിരിച്ചറിയാനാവില്ല. ഇതിൽ ഭൂരിഭാഗവും മലയാളി കുടുംബങ്ങളുടേതാണ്.

ക്യാമ്പിൽനിന്ന് ഭക്ഷണം കൃത്യമായി കിട്ടുന്നുണ്ടെങ്കിലും മറ്റ് സൗകര്യങ്ങളൊന്നുമില്ലെന്ന് വൈസ് പ്രസിഡന്റ് സഫിയ മുഹമ്മദ് പറഞ്ഞു. പലരും കാർബോർഡ് ഷീറ്റ് വിരിച്ച് നിലത്താണ് കിടക്കുന്നത്. ഒരുമാസത്തോളം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതോടെ പലരും മക്കളെ ബന്ധുവീടുകളിലേക്കും അഗതി, അനാഥ മന്ദിരങ്ങളിലേക്കും മാറ്റി. കളിക്കാനും പ്രാഥമികാവശ്യങ്ങൾ ക്കും മറ്റും ക്യാമ്പിൽ സൗകര്യമില്ല. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കുടുംബങ്ങളായതിനാൽ പലരുടെയും കൈയിൽ ഒരുരൂപപോലും എടുക്കാനില്ലെന്ന് സഫിയ മുഹമ്മദ് പറഞ്ഞു.

നെല്യാഹുദിക്കേരി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പ് നിർത്തലാക്കാൻ ജില്ലാ ഭരണകൂടത്തിൽനിന്ന് സമ്മർദ്ദമുണ്ടെങ്കിലും ക്യാമ്പ് വിട്ടുപോകാൻ ആരും ഒരുക്കമല്ല. സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് യാഥാർത്ഥ്യമാകു

മെന്ന പ്രതീക്ഷ ഇവർക്കില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം ക്യാമ്പിലെത്തി ആശ്വാസവാക്കുകൾ നല്കി മടങ്ങിയതല്ലാതെ ഫലമില്ല. സർക്കാർ ഭൂമി നൽകി പുനരധിവസിപ്പിക്കുന്നതുവരെ ക്യാമ്പിൽ കഴിയുമെന്നാണ് ദുരിതബാധിതർ പറയുന്നത്.

ഭൂമിവാഗ്ദാനം നിയമക്കുരുക്കിൽ

ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് നാലുസെന്റ് ഭൂമിയും വീടും നൽകുന്നതിനുള്ള പദ്ധതി ജില്ലാ ഭരണകൂടം തുടങ്ങിയെങ്കിലും ഇപ്പോൾ അതും നിയമക്കുരുക്കിലായി. പ്രദേശത്തെ കൈയേറ്റക്കാരിൽനിന്ന് പിടിച്ചെടുത്ത ഭൂമി വീടുവെക്കാൻ ദുരിതബാധിതർക്ക് നൽകാനായിരുന്നു തീരുമാനം.

ബട്ടത്തേക്കാട് പ്രദേശത്ത് കൈയേറ്റക്കാരിൽനിന്ന് പിടിച്ചെടുത്ത ഭൂമി അളന്നുനൽകുന്നതിനിടെ സ്ഥലം കൈവശംവെച്ചയാൾ കോടിതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടിയതോടെയാണ് പ്രതിസന്ധിയിലായത്. കോടതിനടപടികൾ വേഗത്തിലാക്കി ഭൂമിനൽകാനുള്ള നടപടി ഊർജ്ജിതമാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.