മട്ടന്നൂർ: കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് ബി.ജെ.പി. സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അഖിലേന്ത്യാ കിസാൻസഭ ജോയിന്റ് സെക്രട്ടറി ഡോ. വിജു കൃഷ്ണൻ പറഞ്ഞു. കർഷക സംഘം ജില്ലാ സമ്മേളനം മട്ടന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകർക്ക് ഒട്ടേറെ വാഗ്ദാനങ്ങൾ നൽകി വീണ്ടും അധികാരത്തിൽവന്ന മോദി സർക്കാർ കർഷകദ്രോഹ നയങ്ങൾക്ക് വേഗംകൂട്ടിയിരിക്കുകയാണ്. 2014 മുതൽ 2016 വരെ 60,000 കർഷകർ ആത്മഹത്യചെയ്തു. പിന്നീടുള്ള വർഷങ്ങളിലെ കണക്ക് കേന്ദ്രം പുറത്തുവിടുന്നില്ല. കർഷകന്റെ ഭൂമി അനുവാദമില്ലാതെ ഏറ്റെടുക്കുന്നതടക്കം കർഷകദ്രോഹനടപടികൾ തുടരുകയാണ്.

കർഷകപ്രസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിൻവലിച്ച ആർ.സി.ഇ.പി. കരാർ ഫെബ്രുവരിയോടെ വീണ്ടും കൊണ്ടുവരാനുള്ള ചർച്ചകൾ കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. കോർപ്പറേറ്റുകൾക്കുവേണ്ടി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്നതോതിലെത്തി. നവലിബറൽ നയങ്ങൾക്ക് തുടക്കമിട്ട കോൺഗ്രസ് ഇതിനെതിരേ മിണ്ടുന്നില്ല.

കർഷകർക്കിടയിലെ ശക്തമായ വിരുദ്ധവികാരത്തെ വർഗീയ ധ്രുവീകരണമുണ്ടാക്കിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംഘപരിവാർ മറികടന്നത്. പശുവിന്റെപേരിലുള്ള കൊലപാതകങ്ങളിൽ ഇരയായത് കർഷകരാണ്. വിവിധ കർഷകസംഘടനകളെ യോജിപ്പിച്ച് വലിയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഒ.വി.നാരായണൻ അധ്യക്ഷതവഹിച്ചു. ബേബി ജോൺ, എം.പ്രകാശൻ, എസ്.കെ.പ്രീജ, സി.എച്ച്.കുഞ്ഞമ്പു, വത്സൻ പനോളി, പി.പുരുഷോത്തമൻ, എം.വേലായുധൻ, പി.പി.ദാമോദരൻ, ടി.കൃഷ്ണൻ, കെ.ടി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനംചെയ്യും.