കണ്ണൂർ : ഗൾഫിൽനിന്ന് കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും അടക്കം കാർഗോ വഴി അയച്ചവർക്ക് 10 മാസമായി സാധനങ്ങൾ കിട്ടിയില്ല. കണ്ണൂർ സ്വദേശികളടക്കം കേരളത്തിലെ നിരവധി പ്രവാസികൾക്കാണ് കാർഗോ നാട്ടിൽ എത്താത്തത്. കുഞ്ഞുവാവയ്ക്ക് പിറന്നാളിന്‌ മിൽക്ക് പൗഡർ, ബിസ്‌കറ്റ്, ഭക്ഷണവസ്തുക്കൾ, കളിപ്പാട്ടങ്ങൾ എന്നിവ അയച്ചവർ നിരാശയിലായി. ഇനി അത് കിട്ടിയാലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാവും. ബുക്ക് ചെയ്ത കാർഗോ ഏജൻസിയെ നിരന്തരം ബന്ധപ്പെട്ടപ്പോഴെല്ലാം ഉടൻ എത്തുമെന്നാണ് അറിയിച്ചത്.

കളിപ്പാട്ടവും കുഞ്ഞുടുപ്പും ഇനിയും വന്നില്ല...: 10 മാസമായി 'കാർഗോ' കാത്ത് കുടുംബങ്ങൾ
കണ്ണൂർ സ്വദേശി ശ്രീനാഥ് 2020 ഡിസംബർ 14-ന് യു.എ.ഇ.യിൽനിന്ന് കണ്ണൂരേക്ക് ഏജൻസി വഴി എയർ കാർഗോ അയച്ചതിന്റെ രശീതി

കോവിഡ് പ്രതിസന്ധിക്കിടയിൽ നാട്ടിലേക്ക് വന്നവരാണ് ഭൂരിഭാഗവും. കപ്പലിലും വിമാനത്തിലുമാണ് കാർഗോ അയച്ചത്. 2020 നവംബർ 15-നും ഡിസംബർ 15-നും ഇടയിലാണ് ബുക്ക് ചെയ്തത്. അതിനുശേഷം ബുക്ക് ചെയ്തവർക്ക് കാർഗോ സാധനങ്ങൾ ലഭിച്ചിട്ടുണ്ടന്നും ഇവർ പറഞ്ഞു.

കണ്ണൂർ സ്‌കൈലൈൻ അപ്പാർട്ട്‌മെന്റിലെ ശ്രീനാഥും കുടുംബവും 2020 ഡിസംബർ 14-നാണ് എയർ കാർഗോ അയച്ചത്. സീബ്രീസ് എന്ന കാർഗോ സർവീസ് വഴിയായിരുന്നു അത്. കോവിഡിനിടയിൽ നാട്ടിലേക്ക് വരുമ്പോഴായിരുന്നു 200 കിലോ സാധനങ്ങൾ അയച്ചത്.

രണ്ടുദിവസത്തിനകം യു.എ.ഇ.യിൽനിന്ന് കണ്ണൂരെത്തി. ഡിസംബർ അവസാനം സാധനം എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ 10 മാസമായിട്ടും സാധനം എത്തിയില്ലെന്ന് ശ്രീനാഥ് പറഞ്ഞു. ഈ മാസം അവസാനത്തോടെ യു.എ.ഇ.യിലേക്ക് പോകാനുള്ള വിസ തയ്യാറായി. പക്ഷേ, കാർഗോയിലെ സാധനങ്ങൾ വന്നാൽ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് ഇവർ.

കൂത്തുപറമ്പ് സ്വദേശി മനു ജോസഫ് കൊല്ലത്തെ തന്റെ ഭാര്യയുടെ വീട്ടിലേക്ക് അയച്ച കാർഗോയും ഇതുവരെ കിട്ടിയില്ല. 25 കിലോയാണ് അയച്ചത്. ഇത്രയും മാസമായതിനാൽ അതിൽ പലതും കേടായിട്ടുണ്ടാകുമെന്ന് മനു പറഞ്ഞു. കണ്ണാടിപ്പറമ്പ് സ്വദേശി ലിനീഷിനും സാധനങ്ങൾ കിട്ടിയില്ല. എറണാകുളം നോർത്ത് പറവൂർ സ്വദേശി ഡെന്നി എം. സോമനും കുടുംബവും തങ്ങളുടെ കാർഗോ കാത്തിരിപ്പ് മതിയാക്കി. 2020 ഡിസംബറിൽ രണ്ടുതവണയായി നാട്ടിലേക്ക് കാർഗോ അയച്ചത്. പക്ഷേ, ഇതുവരെ എത്തിയില്ലെന്ന് ഡെന്നി പറഞ്ഞു. ചെറിയ കുഞ്ഞിന്റെ ഉടുപ്പുകൾവരെ ഉണ്ടായിരുന്നു. 200 കിലോയോളമാണ് അയച്ചത്.

ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അപ്രൂവൽ കിട്ടാത്തതിനാലാണ് കാർഗോ വിതരണം മുടങ്ങിയതെന്നാണ് കാർഗോ ആൻഡ് കൂറിയർ അധികൃതർ പറയുന്നത്. ഈ മാസം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. എന്നാൽ സാധാരണമായി കാർഗോ വരവിനും പോക്കിനും അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വിമാനത്താവളവൃത്തങ്ങൾ പറയുന്നത്.

Content highlights: Family waiting for cargo last 10 years