kannurന്യൂമാഹി: പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങളെ വ്യാജ സ്വർണക്കട്ടി നൽകി കബളിപ്പിച്ച് പണം തട്ടിയ വയനാട്ടുകാരൻ ന്യൂമാഹിയിൽ അറസ്റ്റിലായി. വയനാട് മുട്ടിൽ കുട്ടമംഗലത്തെ പുതിയപുരയിൽ ആർ.പി.ഷുഹൈൽ(48) ആണ് അറസ്റ്റിലായത്. പഴയങ്ങാടി മാട്ടൂലിലെ സയ്യിദ് മൻസിലിൽ ആറ്റക്കോയ തങ്ങളുടെ പരാതിയിലാണ് അറസ്റ്റ്. നിധിയായി ലഭിച്ച സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടുഘട്ടങ്ങളിലായി പത്തുലക്ഷം രൂപ കൈക്കലാക്കിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂൺ 20-ന് ആറ്റക്കോയ തങ്ങളെ പുന്നോലിലേക്ക് വിളിച്ചുവരുത്തി വ്യാജ സ്വർണക്കട്ടി നൽകിയാണ് പണം വാങ്ങിയത്.

പൂജാരിമാർ, ജ്യോതിഷിമാർ തുടങ്ങി ആത്മീയമേഖലകളിൽ പ്രവർത്തിക്കുന്നവരെയും മന്ത്രവാദം, പൂജ തുടങ്ങിയവ നടത്തുന്നവരെയും കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

നിധിയായി ലഭിച്ച സ്വർണം വീട്ടിൽ സൂക്ഷിച്ചതിനാൽ കുടുംബത്തിന് അനർഥങ്ങൾ ഉണ്ടാവുന്നുവെന്നും ഇത്‌ വാങ്ങി ആപത്തുകളിൽനിന്ന് തന്നെ രക്ഷിക്കണമെന്നും അപേക്ഷിച്ചാണത്രെ ഷുഹൈൽ തട്ടിപ്പിന് കളമൊരുക്കിയത്.

ആദ്യഘട്ടത്തിൽ ആറ്റക്കോയ തങ്ങളെ കൊണ്ട് കൈക്രിയകൾ ചെയ്യിച്ചിരുന്നു. മന്ത്രതന്ത്രാദികൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കുന്നില്ലെന്നും നിധി തന്നെ വിൽക്കുകയാണെന്നും പറഞ്ഞാണ് തങ്ങളെ വീഴ്ത്തിയത്.

സ്വർണം പൂശിയ ലോഹക്കട്ടിയാണ് തങ്ങളെ കാണിച്ച് കബളിപ്പിച്ചത്. ഉരച്ചുനോക്കിയപ്പോൾ ലഭിച്ച പൊടി സ്വർണം തന്നെയായതിനാലാണ് ആറ്റക്കോയ തങ്ങൾ ചതിയിൽപ്പെട്ടത്. ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ പാറാലിലെ ഒരു ജ്വല്ലറിയിലാണ് സ്വർണക്കട്ടി ഉരച്ചുനോക്കിയത്.

ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിധിയാണ് ഈ സ്വർണക്കട്ടിയെന്നാണ് ഇയാൾ തെറ്റിദ്ധരിപ്പിച്ചത്. തനിക്ക് പണത്തോട് ആർത്തിയില്ലെന്നും തന്റെ കടം വീട്ടാനുള്ള പത്തുലക്ഷം രൂപ മതിയെന്നുമാണ് ഷുഹൈൽ ആറ്റക്കോയ തങ്ങളെ വിശ്വസിപ്പിച്ചത്. പണം നൽകി സ്വർണക്കട്ടി സ്വന്തമാക്കിയ ആറ്റക്കോയ തങ്ങൾ പിന്നീട് പലതവണ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ തങ്ങൾ സ്വർണക്കട്ടി പാറാലിലെ ജ്വല്ലറിയിൽ വിശദമായി പരിശോധിപ്പിച്ചപ്പോഴാണ് ചതിയിൽപ്പെട്ട കാര്യം മനസ്സിലായത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

സമാന രീതിയിൽ തട്ടിപ്പ് വേറെയും

കണ്ണൂർ പരിയാരത്തെ ഒരു അധ്യാപകനെയും സമാന രീതിയിൽ വഞ്ചിച്ച് ലക്ഷങ്ങൾ പ്രതി കൈക്കലാക്കിയിട്ടുള്ളതായും വിവരമുണ്ട്. അധ്യാപകൻ മാനക്കേട് ഭയന്ന് കബളിപ്പിക്കപ്പെട്ട വിവരം ആദ്യം മറച്ചുവെച്ചു. പ്രതിയുടെ ഫോണിൽ കണ്ട ഫോൺ നമ്പറിലൊന്ന് അധ്യാപകന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെയാണ് ഈ കബളിപ്പിക്കലും പുറത്തായത്.

കേരളത്തിൽ പലയിടത്തും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ഷുഹൈലിന്റെ കൂട്ടാളികളായ രണ്ടുപേരെ പോലീസ് തിരയുകയാണ്.

തലശ്ശേരി ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന് ആറ്റക്കോയ തങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ന്യൂമാഹി പോലീസ് പ്രതിയെ മഞ്ചേരിയിൽനിന്ന് പിടികൂടിയത്. ന്യൂമാഹി എസ്.ഐ. പി.രാജേഷ്, ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. അജയകുമാർ, രാജീവൻ, ശ്രീജേഷ്, മീരജ്, സുജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. പ്രതി കുറ്റംസമ്മതിച്ചു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ചുലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.

തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ചുമതല വഹിക്കുന്ന തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.