ഏഴോം: കൈപ്പാട് നെൽക്കൃഷിമേഖലയിൽ യന്ത്രവത്കരണം യാഥാർഥ്യമാകുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കൈപ്പാട് കൃഷിയിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ യന്ത്രമിറക്കിയത്. സ്വീഡനിൽനിന്ന് ഇറക്കുമതിചെയ്ത ആംഫിബിയൻ ട്രക്‌സർ എന്ന യന്ത്രമാണ് ജില്ലയിലെ വിവിധ കൃഷിയിടങ്ങളിൽ പരീക്ഷിക്കുന്നത്.

മാങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രത്തിൽ കുട്ടനാട് പാക്കേജിന്റെ ഭാഗമായി ഒരുകോടിരൂപ മുതൽമുടക്കിലാണ് യന്ത്രമെത്തിച്ചത്. ഇതാണ് ജില്ലയിലെത്തിച്ചിട്ടുള്ളത്. കൈപ്പാട് ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി ചെയർമാൻകൂടിയായ മന്ത്രി വി.എസ്.സുനിൽകുമാറിന്റെ നിർദേശപ്രകാരമാണ് യന്ത്രം വാങ്ങിയത്.

കൈപ്പാട് നിലങ്ങളിൽ ആദ്യമായാണ് യന്ത്രമിറക്കുന്നത്. കൈപ്പാടിലെ പ്രധാന നിലമൊരുക്കൽ പ്രക്രിയയായ കൂനയെടുക്കലിനായിരുന്നു യന്ത്രം പരീക്ഷിച്ചത്. ഇതോടെ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി കൈപ്പാട് കൃഷി നടത്തുന്ന സ്ഥലങ്ങളിൽ യന്ത്രമുപയോഗിച്ച് കൂനയെടുക്കാൻ സാധിക്കുമെന്ന് കൈപ്പാട് കർഷകരും മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി ഭാരവാഹികളും പറഞ്ഞു.

പിലിക്കോട് ഉത്തരമേഖലാ കാർഷികഗവേഷണകേന്ദ്രം, മാങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം, വെള്ളായണി ആർ.ടി.ടി.സി., കൃഷിവകുപ്പിന്റെ സംസ്ഥാനതല എൻജിനീയറിങ് വകുപ്പ് എന്നിവയുടെ സഹകരണവും ഇതിനുണ്ട്. പിലിക്കോട് ഉത്തരമേഖലാ കാർഷികഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ടി.വനജ, മാങ്കൊമ്പ് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. മനോജ് കെ.മാത്യു, കണ്ണൂർ ജില്ലാ അഗ്രിക്കൾച്ചർ എക്‌സിക്യുട്ടീവ് എൻജിനീയർ വി.മോഹനൻ എന്നിവർ നേതൃത്വംനൽകി.

യന്ത്രമുപയോഗിച്ച് കൂനയെടുക്കുന്നത്‌ നേരിൽ കാണാൻ കർഷകർക്ക് 13 വരെ അവസരമുണ്ട്. ഇതിനായി ഏഴോം, ചെറുകുന്ന്, കണ്ണപുരം, പട്ടുവം പഞ്ചായത്തുകളിൽ എത്തണം. ഫോൺ: 9447951567.