പാനൂർ: വിവാഹവേദിയ്ക്കരികിൽ രക്തദാന ക്യാമ്പ് ഒരുക്കി നവവരനും കുടുംബവും രക്തദാനസന്ദേശ പ്രവർത്തനങ്ങൾക്ക് ഊർജംപകർന്നു. ചെണ്ടയാട്ടെ പി.വി.ഇസ്മയിലിന്റെ മകൻ ഇജാസ് ഇസ്മയിലിന്റെ വിവാഹത്തോടനുബന്ധിച്ചാണ് രക്തദാനത്തിന് വേദിയൊരുങ്ങിയത്.

കോടിയേരി സി.എച്ച്. സെന്റർ ഡയറക്ടർ ബോർഡ് അംഗവും കെ.എം.സി.സി. കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡൻറുമാണ് പി.വി.ഇസ്മയിൽ. കുടുംബാംഗങ്ങൾ ഉൾപ്പെടെ അറുപതോളംപേർ ക്യാമ്പിൽ പങ്കെടുത്തു. മലബാർ കാൻസർ സെന്ററിലെ രക്തബാങ്കിലേക്കാണ് രക്തം നൽകിയത്.

എം.സി.സി യോട് ചേർന്ന് പ്രവർത്തിക്കുന്ന കോടിയേരി സി.എച്ച്. സെൻററുമായി സഹകരിച്ചാണ് ക്യാമ്പ്. ഇജാസ് ഇസ്മയിൽ രക്തം നൽകി തുടക്കംകുറിച്ചു. പാനൂർ എസ്.ഐ. വി.കെ.ഷൈജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൊട്ടങ്കണ്ടി അബ്ദുള്ള അധ്യക്ഷതവഹിച്ചു. അനുമോദനച്ചടങ്ങ് ഉദ്ഘാടനം പാനൂർ നഗരസഭാധ്യക്ഷ കെ.വി.റംല നിർവഹിച്ചു.

എം.സി.വി.ഗഫൂർ, പി.പി.എ.സലാം, ഡോ. അലി, പി.കെ.ഷാഹുൽഹമീദ്, കെ.കെ.മുനീർ, എ.സി.ഇസ്മയിൽ, കെ.വി.ഇസ്മയിൽ, മരുന്നൻ സിദ്ദിഖ്, പി.സി.കാദർ ഹാജി തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ചയാണ് നിക്കാഹ്.