കണ്ണൂർ: വടക്കൻ കേരളത്തിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ സ്മാരകമായ കണ്ണൂർ കന്റോൺമെന്റ് സെയ്ന്റ് ജോൺസ് സി.എസ്.ഐ. ഇംഗ്ലീഷ് പള്ളി പുതുമോടിയിലേക്ക്. കേരളത്തിൽ അവശേഷിക്കുന്ന വിക്ടോറിയൻ ശൈലിയിലുള്ള അപൂർവം നിർമിതികളിലൊന്നായ പള്ളി ഇരുനൂറിലേറെവർഷം പഴക്കമുള്ളതാണ്.

പുരാവസ്തുവകുപ്പ് സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ച പള്ളിയുടെ സംരക്ഷണപ്രവൃത്തിയുടെ ഉദ്ഘാടനം ഞായറാഴ്ച ജില്ലാ ആസ്പത്രി ബസ്‌സ്റ്റാൻഡ് പരിസരത്തെ പള്ളി അങ്കണത്തിൽ നടക്കും. രാവിലെ 10-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്യും. പത്രസമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പുരാവസ്തുവകുപ്പ് ഡയറക്ടർ കെ.ആർ.സോന, റൈറ്റ് റവ. ഡോ. റോയിസ് മനോജ് വിക്ടർ, എം.കെ.സണ്ണി, ഡോ. മേരി കോശി തുടങ്ങിയവർ പങ്കെടുത്തു.

സംരക്ഷണം ഇങ്ങനെ

ജീർണാവസ്ഥയിലായ പള്ളിക്ക് ശാസ്ത്രീയസംരക്ഷണമാണ് നൽകുക. തനിമയും പ്രൗഢിയും ഒട്ടും ചോരാതെയായിരിക്കും പ്രവൃത്തി. ആദ്യഘട്ട പ്രവൃത്തിക്കായി 86.50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമെ 10 ലക്ഷത്തോളം രൂപ പള്ളി വികാരിയുടെ നേതൃത്വത്തിൽ സമാഹരിച്ചു.

ജീർണാവസ്ഥയിലായ ഓടും കഴുക്കോലും ഉത്തരവും മാറ്റി മേൽക്കൂര പൂർവസ്ഥിതിയിലാക്കൽ, ജാലകങ്ങളും വാതിലുകളും മാറ്റിസ്ഥാപിക്കൽ, നിലത്തിന്റെ കേടുപാട് തീർക്കൽ, പൂമുഖത്തിന്റെ പുനർനിർമാണം, അനുബന്ധകെട്ടിടങ്ങളുടെ സംരക്ഷണം, സംരക്ഷിതപ്രദേശത്തിന്റെ സൗന്ദര്യവത്കരണം എന്നിവയാണ് ആദ്യഘട്ട പ്രവൃത്തികളിൽ ഉൾപ്പെടുക.

പള്ളിയിൽ സൂക്ഷിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ബൈബിളും മറ്റ് പുരാരേഖകളും ശാസ്ത്രീയസംരക്ഷണപ്രവർത്തനം നടത്തി സംരക്ഷിക്കും. ആരാധനയ്ക്കും പ്രാർഥനയ്ക്കും തടസ്സംവരാത്ത രീതിയിലായിരിക്കും പ്രവൃത്തികൾ. തുടർന്നും ഉടമസ്ഥാവകാശം പള്ളി അധികൃതർക്കുതന്നെയായിരിക്കും.

ചരിത്രം ഇങ്ങനെ

1811-ലാണ് പള്ളി സ്ഥാപിച്ചത്. ബ്രിട്ടീഷ് പട്ടാളക്കാർക്കും കുടുംബാംഗങ്ങൾക്കുംവേണ്ടിമാത്രമായിരുന്നു ആദ്യഘട്ടത്തിൽ പള്ളിയുടെ ഉപയോഗം. പള്ളിനിർമാണത്തിന്റെ മേൽനോട്ടംവഹിച്ചത് റവ. ജോൺ ഡസ്റ്റർ വില്ലിയായിരുന്നു. വിശുദ്ധ യോഹന്നാന്റെ (സെയ്ന്റ് ജോൺ) പേരിലാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. 36,000 രൂപയായിരുന്നു നിർമാണച്ചെലവ്.

പള്ളിയുടെ പടിഞ്ഞാറുഭാഗത്തായാണ് സെമിത്തേരി സ്ഥാപിക്കപ്പെട്ടത്. ആരാധനയ്ക്കായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ 1850-ൽ പള്ളിക്ക് ‘വിങ്ങു’കൾ നിർമിക്കാൻ ധാരണയായി. ബാരക്കിൽനിന്ന് 920 അടി ദൂരെയായതിനാൽ പട്ടാളക്കാർ കൂടുതൽ ദൂരം മാർച്ചുചെയ്യേണ്ടിവരുന്നു എന്നതായിരുന്നു പുതിയ പള്ളി നിർദേശത്തിനുപിറകിൽ.

എന്നാൽ, നിർദേശം ഗവൺമെന്റ് അംഗീകരിച്ചില്ല. 1851-52-ൽ നിലവിലുള്ള പള്ളി വികസിപ്പിക്കുകയും ചുറ്റുമതിൽ നിർമിക്കുകയുംചെയ്തു. പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ, സെമിത്തേരി രജിസ്റ്ററുകൾ, പ്രാർഥനാപുസ്തകങ്ങൾ, അൾത്താരയുമായി ബന്ധപ്പെട്ട പാത്രങ്ങൾ എന്നിവ ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ഇവിടെയുണ്ട്.